ശ്രീനഗർ: ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുള്ളയെ എൻഫോഴ്സ്മെന്‍റ് ഡയറക്ചറേറ്റ് ചോദ്യം ചെയ്തു. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഫറൂഖ് അബ്ദുള്ളയെ ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തത്.
എൻസി, പിഡിപി ഉൾപ്പെടെയുള്ള ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അബ്ദുള്ളയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തി 'ഗുപ്കർ ഡിക്ലറേഷനായി' പീപ്പിൾസ് അലയൻസ് രൂപീകരിച്ച് നാല് ദിവസത്തിന് ശേഷമാണ് ചോദ്യം ചെയ്യൽ നടന്നത്. മുൻകാലങ്ങളിലെന്നപോലെ കള്ളപ്പണം തടയൽ നിയമപ്രകാരം (പിഎംഎൽഎ) അബ്ദുള്ളയുടെ മൊഴി രേഖപ്പെടുത്തുമെന്ന് ഇഡി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ ചണ്ഡിഗഡിലാണ് അദ്ദേഹത്തെ ആദ്യമായി ചോദ്യം ചെയ്തത്.
2002നും 2011നും ഇടയിൽ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ബോർഡ് ഓഫ് ക്രിക്കറ്റ് ഫോർ ഇന്ത്യ (ബിസിസിഐ) നൽകിയ ഗ്രാന്‍റുകൾ അനധികൃതമായി ക്രയവിക്രയം നടത്തിയ കേസിലാണ് അന്വേഷണം നടത്തുന്നത്. ജെകെസിഎയുടെ മുൻ സെക്രട്ടറി മുഹമ്മദ് സലീം ഖാൻ, മുൻ ട്രഷറർ അഹ്സാൻ അഹ്മദ് മിർസ മുൻ അക്കൗണ്ടന്‍റുമാരായ ബഷീർ അഹ്മദ് മിസ്ഗർ, ഗുൽസാർ അഹ്മദ് ബീഗ് എന്നിവർക്കെതിരെ സിബിഐ 2018 ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.