ന്യൂഡല്‍ഹി: കോവിഡ് പകർച്ചവ്യാധി പടർന്നുപിടിക്കുന്നതിനിടെ ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരലിനായി കര്‍ഷകര്‍ തലസ്ഥാന നഗരത്തിലെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. കേന്ദ്രത്തിന്‍റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ നവംബർ 26 ന് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചലോ മാർച്ചിന്‍റെ ഭാഗമായാണ് പൊലീസ് നടപടി.
അതേസമയം, ദേശീയ തലസ്ഥാനത്ത് ഇത്തരമൊരു സമ്മേളനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കേരളം, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷക സംഘടനകൾ നവംബർ 26, 27 തീയതികളിൽ ഡല്‍ഹിയില്‍ മാർച്ച് നടത്തും. കൊവിഡ് മാനദണ്ഡപ്രകാരം ഒത്തുചേരല്‍ പാടില്ലെന്നും മാര്‍ച്ച് നടത്തരുതെന്നും പൊലീസ് കര്‍ഷക പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.