ചണ്ഡിഗഡ്: രാജ്യം പത്മശ്രീ നല്‍കി ആദരിച്ച സന്തോഷം പങ്കുവെച്ച് ദേശീയ ഹോക്കി താരം റാണി രാംപാലിന്‍റെ കുടുംബം. മകള്‍ക്ക് ലഭിച്ച അംഗീകരത്തിന് റാണിയുടെ കുടുംബം സര്‍ക്കാരിന് നന്ദി അറിയിച്ചു. ഹരിയാനയിലെ കുരുക്ഷേത്രയിൽ ഷഹാബാദ് എന്ന ചെറുപട്ടണത്തിലാണ് റാണിയുടെ കുടുംബം താമസിക്കുന്നത്. 2020 ജനുവരിയിലാണ് പത്മ പുരസ്‌ക്കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അരുണ്‍ ജെയ്‌റ്റ്‌ലി, സുഷമ സ്വരാജ്, എംസി മേരി കോം എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്ക് പത്മ വിഭൂഷണും 16 പേര്‍ക്ക് പത്മഭൂഷണും 118 പേര്‍ക്ക് പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചു.
രാംപാല്‍- രാമമൂര്‍ത്തി ദമ്പതികളുടെ മൂന്നാമത്തെ മകളായി ഡിസംബര്‍ നാലിനാണ് റാണി ജനച്ചത്. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി റാണി ഹോക്കി സ്റ്റിക്ക് കൈയിലെടുക്കുന്നത്. കുതിരവണ്ടി ഓടിച്ചാണ് റാണിയുടെ അച്ഛന്‍ രാംപാല്‍ കുടുംബം പോറ്റിയിരുന്നത്. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ വകവെക്കാതെ മകളെ ഹോക്കി കളിക്കാന്‍ അച്ഛന്‍ അനുവദിച്ചു. ദേശീയ വനിത ഹോക്കി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റാണി പിന്നീട് ടീമിന്‍റെ ക്യാപ്‌റ്റനായി. ദേശീയ വനിത ഹോക്കി ടീമിന്‍റെ ക്യാപ്‌റ്റനെന്ന നിലയില്‍ റാണി സ്വന്തമായൊരു സ്ഥാനവും നേടിയെടുത്തു. തുടര്‍ന്ന് കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടു. രാജ്യത്തിന് വേണ്ടി നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച റാണി ഇപ്പോള്‍ ഷഹാബാദിന്‍റെ അഭിമാന പുത്രിയാണ്.
പത്മശ്രീക്ക് പുറമേ ഭീം, അര്‍ജ്ജുന പുരസ്‌കാരങ്ങളും റാണിയെ തേടിയെത്തിയിട്ടുണ്ട്. കഠിനാധ്വാനത്തിലൂടെ കുടുംബം പോറ്റിയതും ഹോക്കി താരമാകണമെന്ന മകളുടെ സ്വപ്‌നം സാക്ഷാത്‌കരിച്ചതിനെ കുറിച്ചും രാംപാല്‍ വാചാലനായി. രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി മകളെ ആദരിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് രാംപാല്‍ പറഞ്ഞു.
രാംപാലിന്‍റെ മൂന്ന് മക്കളില്‍ ഇളയവളാണ് റാണി. രണ്ട് സഹോദരന്മാരാണ് റാണിക്കുള്ളത്. ഒരാള്‍ റെയില്‍വെ ഉദ്യോഗസ്ഥനും അടുത്തയാള്‍ സാധാരണ തൊഴിലാളിയുമാണ്. റാണി തന്‍റെ പേരിനൊപ്പം എന്തുകൊണ്ട് അച്ഛന്‍റെ പേര് ചേര്‍ത്തെന്ന ചോദ്യത്തിന് തുടക്കം മുതല്‍ തന്നെ മകള്‍ അങ്ങനെ ചെയ്‌തിരുന്നെന്നും അതില്‍ അഭിമാനമുണ്ടെന്നും രാംപാല്‍ പറഞ്ഞു.