മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ യു.എസ് ഡോളർ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ വ്യാജ നോട്ടുകൾ പിടിച്ചെടുത്തു. 44 കോടി രൂപ വിലമതിക്കുന്ന യു.എസ് ഡോളറിന്റെ വ്യാജ കറൻസിയാണ് കണ്ടെത്തിയത്. സംഭവത്തിൽ ഒരു സൈനികൻ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൈനിക ഉദ്യോഗസ്ഥനായ ഷെയ്ഖ് അലിം ഗുലാബ് ഖാൻ, സുനിൽ സർദ, റിതേഷ് രത്‌നക്കർ, തുഫയിൽ അഹമ്മദ് മുഹമ്മദ് ഇഷാഖ് ഖാൻ, അബ്ദുൽ ഗാനി ഖാൻ, അബ്ദുല്‍ റഹ്മാൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്.
വിമാൻ നഗർ പ്രദേശത്ത് ബുധനാഴ്‌ച പൂനെ പൊലീസും ആർമിയുടെ സതേൺ കമാൻഡ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വ്യാജ കറൻസി കണ്ടെടുത്തത്. നോട്ടുകളിൽ പലതും 'ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ'യിൽ നിന്നുള്ള ഡമ്മി ബില്ലുകളാണെന്ന് ഡെപ്യൂട്ടി കമ്മിഷണർ ബച്ചൻ സിംഗ് പറഞ്ഞു.
സൈനിക രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതികളുമായി ആശയവിനിമയം നടത്തിയാണ് ഓപ്പറേഷന് തുടക്കമിട്ടത്. വ്യാജ യു.എസ് കറൻസി വാങ്ങാൻ വന്ന ഉപഭോക്താക്കൾ ആയി നടിച്ച് പൊലീസ് ഓപ്പറേഷൻ നടത്തി. പ്രതികളുടെ വിശ്വാസം പിടിച്ചുപറ്റുന്നതിനായി യഥാർഥത്തിലുള്ള 25 ലക്ഷം രൂപ പൊലീസ് കൈമാറിയിരുന്നു. തുടർന്നാണ് സംഘം പൊലീസിന്റെ വലയിലായത്. പ്രതികളുടെ പക്കൽ നിന്നും രണ്ട് ലക്ഷം രൂപയുടെ യഥാർഥ കറൻസിയും പിടിച്ചെടുത്തു. വ്യാജ കറൻസിയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഡിസിപി പറഞ്ഞു.