ഹൈദരാബാദ്; ഒരു ശരാശരി വിദ്യാർഥി ബിരുദം നേടാനായി പഠിക്കുന്നു. എന്നാൽ പിന്‍വാതില്‍ രീതി പിന്തുടരുന്നവർ ബിരുദങ്ങൾ വിലകൊടുത്ത് വാങ്ങുന്നു. നന്നായി പഠിക്കുക, ക്ലാസ്സിൽ പൂർണ ഹാജർ നേടുക, എല്ലാ വർഷവും പരീക്ഷ എഴുതുക, നല്ല സ്കോറുകൾ നേടുക, അധിക നൈപുണ്യ അടിത്തറ നേടാൻ കൂടുതൽ കഠിനാധ്വാനം ചെയ്യുക എന്നിവ സമയമെടുക്കുന്ന രീതിയാണ്. കോളജിൽ ചേരുന്നതിനോ നന്നായി പഠിച്ച് പരീക്ഷകളിൽ വിജയിക്കുന്നതിനോ ക്ഷമയില്ലാത്തവർക്ക്, വ്യാജ ഡിഗ്രികൾ നൽകുന്ന നിരവധി സംഘങ്ങളുണ്ട്.
വിദ്യാഭ്യാസം ഇന്ത്യയിൽ ലാഭകരമായ ബിസിനസായി മാറുന്നതോടെ അത്തരം ഉപഭോക്താക്കളും വ്യാപാരികളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തൽഫലമായി, രാജ്യത്ത് വ്യാജ ബിരുദങ്ങൾ വർദ്ധിച്ചു വരുന്നു. പത്ത്, പ്ലസ് ടു, ഡിഗ്രി ക്ലാസുകളുടെ സർട്ടിഫിക്കറ്റുകൾ നൽകുന്ന വ്യാജ സ്ഥാപനങ്ങളും രാജ്യത്തിന്‍റെ പല ഭാഗത്തും തഴച്ച് വളരുന്നുണ്ട്. പതിനായിരം മുതൽ 15000 വരെ തുകയടച്ചാൽ ഒരാൾക്ക് വ്യാജ ബിരുദം നേടാൻ കഴിയും. ബിരുദാനന്തര ബിരുദം, എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾക്ക് 20000 മുതൽ 75000 വരെ വിലയുണ്ട്. ഇഷ്ടമുള്ള സർവ്വകലാശാലയുടെ സർട്ടിഫിക്കറ്റുകൾ ഈ സംഘങ്ങൾ തയ്യാറാക്കി നൽകും
ഒരു വർഷം മുമ്പ്, തെലുങ്ക് സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാലകളുടെ പേരിൽ വ്യാജ കൺസൾട്ടൻസികൾ പിഎച്ച്ഡി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത കേസ് പുറത്തുവന്നിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാൻ ജെഎൻടിയു (എച്ച്) ഉത്തരവിട്ടിരുന്നു. ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകൾ വഴി നിയമനം ലഭിച്ച അധ്യാപകരെ കുറിച്ച് അന്വേഷിക്കാൻ മുൻ ഗവർണർ നരസിംഹനും ഉത്തരവിട്ടു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ സംഭവവികാസങ്ങളൊന്നും ഉണ്ടായില്ല. പിഎച്ച്ഡി അഴിമതിയുടെ രഹസ്യങ്ങൾ കണ്ടെത്തുന്നതിനായി അടുത്തിടെ ഈനാട്-ഇടിവി ഒരു ഓപ്പറേഷൻ നടത്തി. ഇതിലൂടെ അണ്ണാമലൈ, തമിഴ്‌നാട്, കർണാടക, ബാംഗ്ലൂർ സർവകലാശാലകളിൽ പ്രവേശനം നേടാൻ സർട്ടിഫിക്കറ്റുകൾ നല്‍കുന്ന പത്തോളം വ്യാജ കൺസൾട്ടൻസികൾ ഹൈദരാബാദിലുണ്ട്. 4,00,000 രൂപ നൽകിയാൽ ഇവർ ആറ് മാസത്തിനുള്ളിൽ സംഗ്രഹം, പ്രബന്ധം, എഞ്ചിനീയറിംഗ് പിഎച്ച്ഡി അവാർഡ് എന്നിവ തയ്യാറാക്കി നൽകും. മറ്റ് ഡോക്ടറൽ ബിരുദങ്ങൾക്ക് ഫീസ് കുറവാണ്.
അഴിമതി കണ്ടെത്തിയതോടെ, കൺസൾട്ടൻസികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2010-11 അധ്യയന വർഷത്തിൽ 78,000 കുട്ടികൾ പിഎച്ച്ഡി പ്രവേശന പരീക്ഷയിൽ വിജയം കൈവരിച്ചു. അടുത്ത ഏഴ് വർഷത്തിനുള്ളിൽ എണ്ണം 1,60,000 ആയി ഉയർന്നു. എന്നാല്‍ ഗവേഷണത്തിന്‍റെ ഗുണനിലവാരം ശരാശരി മാത്രമായിരുന്നു എന്ന് യുജിസി അഭിപ്രായപ്പെട്ടു. ഒരു വർഷത്തിനിടെ രാജസ്ഥാനിൽ പിഎച്ച്ഡി പ്രവേശനം 70 ശതമാനമായി ഉയർന്നു. കശ്മീരിൽ നൽകുന്ന ഡോക്ടറൽ ബിരുദങ്ങളിൽ അഞ്ചിലൊന്ന് വ്യാജമാണ്. 10 മിനിറ്റിനുള്ളിൽ വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന സംഘങ്ങൾ വരെയുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഗുഡിവാഡയിൽ നൂറുകണക്കിന് വ്യാജ ഡിപ്ലോമ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മൂന്ന് വർഷം മുമ്പ് ബിഹാറിൽ നിന്നുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി എന്നാരോപിച്ച് 35 സർക്കാർ ഡോക്ടർമാരെ നേപ്പാൾ സർക്കാർ പിരിച്ചുവിട്ടിരുന്നു. ബീഹാറിലെ മഗധ് സർവകലാശാല നൽകിയ 40 ഡോക്ടറൽ ബിരുദങ്ങൾ തായ്‌ലൻഡിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിരാകരിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണവും നടപടിയും ഉണ്ടായില്ലെങ്കില്‍ വിദ്യാഭ്യാസ രംഗം ഗുരുതരമായ ഗുണമേൻമ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് എന്ന് വ്യക്തം.