ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ കൊവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും. മഹാ വികാസ് അഗാദി സർക്കാരിന്‍റെ മൂന്ന് ഘടകങ്ങളിലും, കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും മന്ത്രിസഭയും തമ്മിൽ ഏകോപനമില്ലെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചിരുന്നു.
മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും കൊവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്നും ഫഡ്‌നാവിസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. മഹാരാഷ്‌ട്രയിൽ 8,641 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,84,281 ആയി ഉയർന്നു. 266 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 11,194 ആയി.