ഗുവഹത്തി: അസമിലെ ബാഗ്ജാനിൽ ഓയിൽ ഇന്ത്യ സൈറ്റിന്‍റെ അഞ്ചാം നമ്പർ കിണറിന് സമീപം സ്‌ഫോടനം ഉണ്ടായി. സ്ഥലത്ത് ജോലി ചെയ്യുന്ന മൂന്ന് വിദേശ വിദഗ്ധർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാഗ്ജാൻ എണ്ണപ്പാടത്ത് പടർന്ന തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അപകടം ഉണ്ടായത്.
ടിൻസുകിയ ജില്ലയിലെ ബാഗ്ജാനിൽ അഞ്ചാം നമ്പർ കിണറിൽ നിന്നും മെയ് 27 മുതൽ അനിയന്ത്രിതമായി വാതകം പുറന്തള്ളിയിരുന്നു തുടർന്ന് ജൂൺ ഒമ്പതിന് ഇവിടെ തീപിടിത്തമുണ്ടായി. അന്ന് രണ്ട് അഗ്നിശമന സേന അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. മെയ് മാസത്തിൽ കിണറിൽ ഉണ്ടായ അപകടത്തെത്തുടർന്ന് 9,000ത്തോളം പേരെ 13 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.