റാഞ്ചി: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്-ആർജെഡി-ജെഎംഎം സഖ്യത്തിന് മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. ബിജെപി ഭരിക്കുന്ന ജാർഖണ്ഡില്‍ കോൺഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് എകസ്റ്റ്‌പോള്‍ ഫലങ്ങൾ വ്യക്‌തമാക്കുന്നത്.
ഇന്ത്യ ടുഡേയും ആക്‌സിസ് മൈ ഇന്ത്യയും ചേർന്ന് പുറത്തുവിട്ട എക്‌സിറ്റ് പോൾ പ്രവചിക്കുന്നത് 38 മുതല്‍ 50 സീറ്റുകൾ വരെ കോൺഗ്രസ് സഖ്യം നേടുമെന്നാണ്. ബിജെപി 22 മുതല്‍ 32 സീറ്റ് വരെയും എജെഎസ്‌യു മൂന്ന് മുതല്‍ അഞ്ച് വരെയും, മറ്റുള്ളവർ ആറ് മുതല്‍ പതിനൊന്ന് സീറ്റുകൾ വരെ നേടുമെന്നും പറയുന്നു.
അതേസമയം ഐഎഎൻഎസ്- സീ വോട്ടർ-എബിപി സർവേ മാത്രമാണ് തൂക്ക്‌സഭ പ്രവചിക്കുന്നത്. കോൺഗ്രസ്- ആർജെഡി-ജെഎംഎം സഖ്യത്തിന് 35, ബിജെപി 32, എജെഎസ്‌യു അഞ്ച്, മറ്റുള്ളവർ ഒമ്പത് എന്നിങ്ങിനെയാണ് പ്രവചനം. ജാർഖണ്ഡിലെ 81 സീറ്റിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായാണ് നടന്നത്. നിലവില്‍ 43 സീറ്റുള്ള ബിജെപിയും എട്ട് സീറ്റുള്ള ജാർഖണ്ഡ് വികാസ് മോർച്ചയും ചേർന്നുള്ള സഖ്യമാണ് ഭരിക്കുന്നത്. ഡിസംബർ 23നാണ് ഫലപ്രഖ്യാപനം.