ഹൈദരാബാദ്: വിപുലമായ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ വികസിപ്പിക്കാനും കൊവിഡ് 19നെ നേരിടാനും ഇന്ത്യക്കും നെതർലൻഡിനും അടുത്ത് സഹകരിക്കാൻ കഴിയുമെന്ന് നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണി പറഞ്ഞു. നെതർലന്‍ഡ് സ്വീകരിച്ച ലോക്ക് ഡൗൺ മാതൃകയില്‍ നിന്നും ഇന്ത്യക്ക് ഒരുപാട് പഠിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ അംബാസിഡര്‍മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ നിർദേശപ്രകാരം ഇന്ത്യൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും പ്രവാസികൾക്കും അതത് ആതിഥേയ രാജ്യങ്ങളില്‍ ഒറ്റപ്പെട്ടുപോയ ഇന്ത്യന്‍ പൗരന്മാർക്കും സാധ്യമായ എല്ലാ പിന്തുണയും നൽകാൻ കഴിയണം.
കൊവിഡ്-19 മഹാമാരിക്ക് എതിരെ പോരാടുന്നതിന് വിവിധ രാജ്യങ്ങൾ സ്വീകരിക്കുന്ന മികച്ച പ്രവർത്തനങ്ങളെക്കുറിച്ച് കേന്ദ്ര സര്‍കാരിനെ ഉപദേശിക്കാനും എംബസികൾ സഹായിക്കണം. വിവിധ രാജ്യങ്ങളിൽ സേവനം ചെയ്യുന്ന ഇന്ത്യൻ അംബാസിഡര്‍മാര്‍ പിപിഇ കിറ്റുകളും ദ്രുത പരിശോധന കിറ്റുകളും ലഭ്യമാക്കുന്നതിനും ഇന്ത്യൻ മെഡിക്കൽ സഹായം നൽകുന്നതിന് വിദേശ സർക്കാരുകളുമായി ഏകോപിപ്പിക്കുന്നതിനും സഹായിക്കണം. നെതര്‍ലന്‍ഡില്‍ കുടുങ്ങികിടക്കുന്ന എല്ലാ ഇന്ത്യൻ വിദ്യാർഥികൾക്കും ഭക്ഷണവും താമസവും ഉൾപ്പെടെ ആവശ്യമായ സഹായം നൽകുമെന്ന് അംബാസഡർ രാജാമണി ഉറപ്പ് നൽകി.
ഡച്ച് ബിസിനസ് കമ്പനികൾ ഇന്ത്യയിലെ തങ്ങളുടെ വിതരണ പ്രവർത്തനങ്ങളെക്കുറിച്ച് ചില ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും അത്തരം ആശങ്കകൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അംബാസഡർ രാജാമണി പറഞ്ഞു. ഐടി മേഖല ഇന്ത്യക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയോടുള്ള പക്ഷപാതം ആരോപിച്ച് ലോകാരോഗ്യ സംഘടനയിൽ നിന്ന് ധനസഹായം പിൻവലിക്കാനുള്ള പ്രസിഡന്‍റ് ട്രംപിന്‍റെ തീരുമാനത്തിന് എതിരെ സ്ഥിതി വഷളാകുന്ന രീതിയില്‍ യൂറോപ്പ് പ്രതികരിക്കാന്‍ സാധ്യത ഇല്ല എന്നും രാജാമണി കൂട്ടിച്ചേര്‍ത്തു.