ഹൈദരാബാദ്: തെലങ്കാനയിലെ ഭദ്രദ്രി കോതഗുഡെം ജില്ലയിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രത്യേക പൊലീസ് സംഘം ചെർല പ്രദേശത്തെ വഡ്ഡിപേട്ടയ്ക്കും പുസ്സുഗുപ്പയ്ക്കും ഇടയിലുള്ള വനമേഖല പരിശോധിക്കുന്നതിനിടയിലാണ് വെടിവെപ്പ് ഉണ്ടായത്. സായുധരായ മാവേയിസ്റ്റുകളും സ്‌പെഷ്യൽ പൊലീസും തമ്മിലുള്ള വെടിവെപ്പ് 20 മിനിറ്റോളം നീണ്ടുനിന്നു. ശേഷം പ്രദേശത്ത് നടത്തിയ തെരച്ചിലിൽ രണ്ട് പുരുഷ തീവ്രവാദികളുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തി.
ഒരു പിസ്റ്റൾ, രണ്ട് ഹേവർസാക്കുകൾ എന്നിവയുൾപ്പെടെയുള്ള തോക്കുകളും പൊലീസ് പിടിച്ചെടുത്തു. സി.പി.ഐ (മാവോയിസ്റ്റ്) തെലങ്കാന സ്റ്റേറ്റ് കമ്മിറ്റിയുടെ സംഘങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർക്കും പൊതു പ്രതിനിധികൾക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. പൊതു സ്വത്തുക്കൾ നശിപ്പിക്കാനും പൊതുജീവിതത്തിന് ഹാനികരമാക്കാനും മാവോയിസ്റ്റുകൾ ചെർല പ്രദേശത്തേക്ക് മാറുന്നതായി തങ്ങൾക്ക് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ മൂന്നിന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെതിരെ സുരക്ഷാ സേനയെ ലക്ഷ്യമിട്ടാണ് മാവോയിസ്റ്റുകൾ ചെർല മണ്ഡലത്തിൽ റോഡിൽ ഐ.ഇ.ഡി (മെച്ചപ്പെട്ട സ്ഫോടകവസ്തു) സ്ഫോടനം നടത്തിയതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.