വിവാദ പൊലീസ് ഉദ്യോഗസ്ഥൻ രാജീവ് കുമാറിന് സ്പെഷൽ ടാസ്ക്ക് ഫോഴ്സിന്‍റേതുള്‍പ്പടെയുളള അധിക ചുമതല നൽകി പശ്ചിമ ബംഗാള്‍ സർക്കാർ. ശാരദ ചിട്ടി കുംഭകോണ കേസിലെ സിബിഐ അന്വേഷണത്തിൽ കേന്ദ്രവും- സംസ്ഥാനവും ഏറ്റുമുട്ടിയ സംഭവത്തിലെ കേന്ദ്ര ബിന്ദുവായിരുന്നു രാജീവ് കുമാർ
കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണറായി കാലാവധി പൂർത്തിയാക്കിയ രാജീവ് കുമാറിനെ അടുത്തിടെയാണ് സംസ്ഥാന സിഐഡി യുടെ തലവനായി നിയമിച്ചത്. ഇതിന് പിന്നാലെയാണ് സ്പെഷൽ ടാസ്ക്ക് ഫോഴ്സിന്‍റേയും സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗത്തിന്‍റെയും അധിക ചുമതലയും ഇദ്ദേഹത്തിന് നൽകുന്നത്. ഇന്നലെ വൈകീട്ടാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതു സബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.
ശാരദ ചിട്ടി കുംഭകോണ കേസിൽ രാജീവ് കുമാറിന്‍റ വസതിയിൽ സിബിഐ റെയ്ഡിനെത്തിയത് കേന്ദ്രവും- പശ്ചിമബംഗാള്‍ സർക്കാരും തമ്മിലുളള പരസ്യ ഏറ്റുമുട്ടലിന് വഴി വെച്ചിരുന്നു. കേസ് അന്വേഷിച്ചിരുന്ന രാജീവ് കുമാർ തെളിവുകള്‍ നശിപ്പിക്കാൻശ്രമിച്ചെന്നായിരുന്നു സിബിഐ യുടെ ആരോപണം. രാജീവ് കുമാറിനായി മുഖ്യമന്ത്രി മമതാ ബാനർജി തന്നെ ധർണ്ണയിരുന്നു. ഒടുവിൽ സുപ്രീം കോടതിയുടെ ഇടപെടലിലാണ് രാജീവ് കുമാർ സിബിഐ ക്ക് മുന്നിൽ ഹാജരായത്. 1989 ബാച്ച് ഐപിഎസ് ഓഫീസറായ രാജീവ് കുമാർ മമതയുടെ ഏറ്റവും വിശ്വസ്ഥനായാണ് അറിയപ്പെടുന്നത്