ഗാന്ധിനഗർ: 1996ലെ ഡ്രഗ് പ്ലാന്‍റിങ് കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുൻ ഐപിഎസ് ഓഫീസർ സഞ്‌ജീവ് ഭട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 23 വർഷം മുമ്പുള്ള ഡ്രഗ് പ്ലാന്‍റിങ് കേസിൽ നിന്നും തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി പലൻപൂർ വിചാരണ കോടതി തള്ളിയിരുന്നു. അതിനുശേഷമാണ് ഹർജി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഭട്ടിന്‍റെ അഭിഭാഷകനായ സൗറിൻ ഷാ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്‌റ്റംബർ അഞ്ചാം തീയതിയാണ് ഡ്രഗ് പ്ലാന്‍റിങ് കേസിൽ ഭട്ടിനെ അറസ്റ്റ് ചെയ്‌തത്. ബനാസ്‌കാന്ത ജില്ലയിൽ ഐപിഎസ് ഓഫീസറായിരുന്ന സമയത്ത് ഡ്രഗ് പ്ലാന്‍റിങ് കേസിൽ അഭിഭാഷകനായിരുന്ന സുമേർ സിങ് രാജ്‌പുരോഹിതിനെ കുടുക്കാൻ ശ്രമിച്ചെന്ന കേസിലായിരുന്നു ഭട്ടിനെ അറസ്റ്റ് ചെയ്‌തത്. പലൻപൂർ നഗരത്തിലെ സുമേർ സിങ് രാജ്‌പുരോഹിത് താമസിച്ചിരുന്ന ഹോട്ടൽ മുറിയില്‍ നിന്നാണ് ഡ്രഗ് പിടികൂടിയത്.