ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട ഡിഎംകെ നേതാവ് എം കെ അഴഗിരിയുടെ മകൻ ദയാനിധി അഴഗിരിയുടെ 40.34 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി. ദയാനിധി ഡയറക്ടറായ ഒളിംപിക് ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പേരിൽ ചെന്നൈ, മധുര എന്നിവിടങ്ങളിലുള്ള ഇരുപത്തഞ്ചോളം വസ്തുവകകളാണ് കണ്ടുകെട്ടിയത്.
അഴഗിരി ദയാനിധി, എസ് നാഗരാജൻ എന്നിവരുടെ ഉടമസ്ഥതയിലാണു കമ്പനി. അനധികൃത ഖനനം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെത്തുടർന്നാണ് നടപടി. തമിഴ്നാട് മിനറൽ ലിമിറ്റഡ് പാട്ടത്തിനെടുത്ത സ്ഥലത്തോട് ചേർന്നാണ് അനധികൃത ഖനനം നടത്തിയത്. ഇതിലൂടെ സർക്കാരിന് കനത്ത നഷ്ടം ഉണ്ടായെന്നും എൻഫോഴ്സ്മെന്‍റ് അധികൃതര്‍ വ്യക്തമാക്കി.