കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടയിൽ ഇന്ത്യയിലെ ജനങ്ങൾക്ക് ആശ്വസിക്കാൻ വക നൽകുന്ന അഭൂതപൂർവമായ മെഗാ ഫിനാൻഷ്യൽ പാക്കേജ് പ്രഖ്യാപിക്കുമെന്ന് ചൊവ്വാഴ്‌ചയാണ് പ്രധാനമന്ത്രി രാജ്യത്തിലെ ജനങ്ങൾക്ക് ഉറപ്പ് നൽകിയത്. തുടർന്നുള്ള ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിവിധ മേഖലകൾക്കായി 20 ലക്ഷം കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്.
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനായി എംഎസ്എംഇ മുതൽ വൻകിട കമ്പനികൾക്ക് വരെ വിവിധ ഇളവുകളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. മറ്റുള്ളവരെ ആശ്രയിക്കാതെ രാജ്യവും രാജ്യത്തിലെ ജനങ്ങളും സ്വയം പര്യാപ്‌തതയിലേക്ക് നീങ്ങണമെന്നാണ് 15 ദിവസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് സംവദിച്ചത്. പാക്കേജിനെ എങ്ങിനെ നടപ്പിൽ വരുത്തുമെന്നതാണ് പാക്കേജ് പ്രഖ്യാപനത്തിന് ശേഷം സർക്കാരിന് മുന്നിലുള്ള വലിയ കടമ്പ.
ഒന്നാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് രണ്ട് ദിവസത്തിന് ശേഷം ധനമന്ത്രി 'പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന'യ്ക്ക് കീഴിൽ 1.70 ലക്ഷം കോടി രൂപയുടെ പാക്കേജ് പുറത്തിറക്കിയിരുന്നു. ഇന്ത്യൻ ജിഡിപിയുടെ 0.8 ശതമാനം മാത്രമായിരുന്നു ഈ തുക. കൂടാതെ, റിസർവ് ബാങ്ക് രണ്ട് ഘട്ടങ്ങളായി എടുത്ത രണ്ട് നയപരമായ തീരുമാനങ്ങളുടെ മൂല്യം ഏകദേശം 3 ശതമാനവുമാണ്. എന്നാൽ അവസാനം പ്രഖ്യാപിച്ച പാക്കേജിലെ 20 ലക്ഷം കോടി രൂപ ഇന്ത്യയുടെ ജിഡിപിയുടെ 10 ശതമാനമാണ്. രാജ്യത്തിലെ ജിഡിപിയിലെ നല്ലൊരു ഭാഗം കൊവിഡ് പാക്കേജിനായി മാറ്റിവെച്ച മറ്റു ചില രാജ്യങ്ങളാണ് ജപ്പാൻ 21.1% , യുഎസ് 13% , സ്വീഡൻ 12%, ജർമ്മനി 10.7% തുടങ്ങിയവ. ഉൽപാദന വർദ്ധനയും വിപുലമായ തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെട്ടാൽ മാത്രമേ പാക്കേജ് ലക്ഷ്യം കണ്ടൂ എന്ന് പറയാനാകൂ.
കാർഷിക മേഖലയ്ക്ക് ശേഷം കൊവിഡിനെ തുടർന്ന് അടച്ചു പൂട്ടിയ ചെറുകിട സംരംഭങ്ങളെ പിന്തുണയ്ക്കാനും ഇതുവഴി തൊഴിലില്ലാത്ത 12 കോടി ജനങ്ങൾക്ക് തൊഴിൽ നൽകാനും കേന്ദ്രം നടപടിയെടുക്കും. വികസനത്തെ പിന്തുണയ്ക്കുന്ന എല്ലാ മേഖലകളെയും പ്രോത്സാഹിപ്പിക്കപ്പെടണം. മുൻഗണനാടിസ്ഥാനത്തിൽ ഹോസ്‌പിറ്റാലിറ്റി, ടൂറിസം മേഖലകളെ പൂർണമായും പുനരുജ്ജീവിപ്പിക്കണം. കൃഷിക്കാരിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാനും ആവശ്യ സാഹചര്യങ്ങളിൽ ജനങ്ങൾക്ക് ഇത് ലഭ്യമാക്കുന്നതിനായും സർക്കാർ നടപടികൾ സ്വീകരിക്കണം. ബ്രിട്ടനിൽ തൊഴിലാളികളുടെ വേതനത്തിന്‍റെ 80 ശതമാനം വഹിക്കാൻ ഭരണകൂടം തയ്യാറായിക്കഴിഞ്ഞു. അതേ സമയം യുഎസും ഓസ്‌ട്രേലിയയും തൊഴിലില്ലായ്‌മ ആനുകൂല്യത്തിന്‍റെ വ്യാപ്‌തി വർധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലും പണമിടപാട് കമ്പനികളുടെയും വ്യവസായങ്ങളുടെയും വേതന വിതരണത്തിന്‍റെ പൂർണ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കേണ്ടതാണ്. നിലവിലെ പ്രതിസന്ധിയിൽ പണം പാഴാക്കുന്നത് ഒരിക്കലും മെഗാ പാക്കേജിന്‍റെ ലക്ഷ്യമാകരുത്. കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് പരമാവധി പ്രയോജനം ഉറപ്പാക്കുന്നതിലാണ് സർക്കാർ ശ്രദ്ധ നൽകേണ്ടത്. വിവിധ മേഖലകളിലേക്ക് നൽകുന്ന പിന്തുണയുടെ വ്യാപ്‌തി ശരിയായി വിലയിരുത്തണം. കൂടുതൽ ആളുകൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാകുമ്പോൾ അവരുടെ വാങ്ങൽ ശേഷി സ്വാഭാവികമായും വർധിക്കുകയും ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇത് സംഭാവനയാകുകയും ചെയ്യും. വിദഗ്‌ദരുടെയും സർക്കാർ സംവിധാനങ്ങളുടെയും സേവനങ്ങൾ ഉപയോഗിച്ച് പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് പരമാവധി ഫലങ്ങൾ നേടുന്നതിൽ ഗവൺമെന്‍റ് വിജയിച്ചാൽ രാജ്യത്തിന്‍റെ പുരോഗതിയിലേക്ക് മുന്നേറ്റം ഉറപ്പാക്കാൻ കഴിയും.