ഹൈദരാബാദ്: ആന്ധ്രപ്രദേശ് നിയുക്ത മുഖ്യമന്ത്രിയും വൈഎസ്ആര്‍സിപി അധ്യക്ഷനുമായ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ആന്ധ്രപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് ആകെയുള്ള 25 ലോക്‌സഭ സീറ്റില്‍ ഇരുപത്തി രണ്ടും നേടിയിരുന്നു. മോദി സര്‍ക്കാരിന് പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കുന്ന കാര്യമടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. നിയമസഭയില്‍ 175 ല്‍ 151 സീറ്റുമായാണ് വൈഎസ്ആര്‍സിപി അധികാരത്തില്‍ എത്തുന്നത്.
ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന ആരെയും പിന്തുണക്കുമെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. എന്നാൽ ബിജെപി കേവല ഭൂരിപക്ഷത്തില്‍ കൂടുതല്‍ സീറ്റ് നേടി അധികാരത്തില്‍ എത്തിയ സാഹചര്യത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ ബിജെപിക്ക് അനിവാര്യമല്ല. അതുകൊണ്ട് തന്നെ പ്രത്യേക സംസ്ഥാന പദവി അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. മേയ് 30 ന് തലസ്ഥാനമായ വിജയവാഡയില്‍ ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മേയ് 30 ന് ഡല്‍ഹിയില്‍ മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും നടക്കും.