ലോക്സഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി ഏറ്റുവാങ്ങി ഇടതുപക്ഷം. ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന കേരളത്തില്‍ പോലും രണ്ട് സീറ്റാണ് സിപിഎമ്മിന് ലീഡ് നേടാനായത്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വികാരവും രാഹുലിന്‍റെ സാന്നിധ്യവുമാണ് കേരളത്തിലെ സിപിഎമ്മിന്‍റെ തകർച്ചയ്ക്ക് കാരണമായത്. കേന്ദ്ര സർക്കാരിനെതിരായി ന്യൂനപക്ഷങ്ങളും ശബരിമല വിഷയത്തിലെ നിലപാടുകളിൽ പ്രതിഷേധിച്ച് ഭൂരിപക്ഷ വിഭാഗങ്ങളും യുഡിഎഫിനൊപ്പം ചേർന്നതും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി.
ദേശീയ തലത്തിലും സ്ഥിതി വ്യത്യസ്തമല്ല. പതിറ്റാണ്ടുകളോളം ഇടത് പക്ഷം കയ്യടക്കി വച്ചിരുന്ന ബംഗാളിലും ത്രിപുരയിലും ഒരു സീറ്റ് പോലും പാർട്ടിക്ക് നേടാനായില്ല. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തകർച്ചയാണ് ബംഗാളില്‍ സിപിഎം നേരിട്ടത്. അതേ സമയം, സംസ്ഥാനത്തെ 15 സീറ്റുകളില്‍ ബിജെപി മുന്നേറുകയാണ്. 2014ല്‍ രണ്ട് സീറ്റുകൾ മാത്രം നേടിയ ബിജെപിക്ക് എക്സിറ്റ് പോളുകൾ 14 സീറ്റുകൾ വരെയാണ് ബംഗാളില്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ അതിനപ്പുറത്തേക്ക് കടന്നിരിക്കുകയാണ് ബിജെപി.
സാക്ഷരതയിലും ആരോഗ്യ മേഖലയിലും മുന്നിലുള്ള ത്രിപുരയും ബിജെപി പിടിച്ചു. കാല്‍നൂറ്റാണ്ട് കാലത്തെ ഭരണം ഉണ്ടായിട്ടും ത്രിപുരയുടെ അടിയൊഴുക്ക് മനസ്സിലാക്കി പിടിച്ച് നിർത്തുന്നതില്‍ സിപിഎം പരാജയപ്പെട്ടു. ഈ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ഒന്ന് ഉറപ്പിക്കാം- ഒരൊറ്റ രാജ്യം, ഒരൊറ്റ തെരഞ്ഞെടുപ്പ്, ഒരൊറ്റ പാർട്ടി എന്ന ലക്ഷ്യത്തിലേക്ക് തന്നെയാണ് ബിജെപി അടുക്കുന്നത്.