നാഗ്‌പൂര്‍: പശു പറമ്പില്‍ കയറിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനെത്തുടര്‍ന്ന് 65 കാരിയെ കൊലപ്പെടുത്തി വൈക്കോല്‍ കൂട്ടിയിട്ട് കത്തിച്ചു. സംഭവത്തില്‍ രാജേഷ് സോന്‍ടാക്കെ (22) എന്നയാളെ പൊലീസ് പിടികൂടി. ലീലാഭായ് സൂര്യാബന്‍ എന്ന സ്‌ത്രീയാണ് ക്രൂരകൃത്യത്തിന് ഇരയായത്. മഹാരാഷ്‌ട്രയിലെ നാഗ്‌പൂപര്‍ ജില്ലയിലുള്ള ഡോങ്കര്‍മോഡ ജില്ലയില്‍ ചൊവ്വാഴ്‌ചയാണ് സംഭവം.
ഡിസംബര്‍ രണ്ടിനാണ് സംഭവങ്ങളുടെ തുടക്കം. രാജേഷ് സോന്‍ടാക്കെയുടെ പശു ലീലാഭായുടെ ഫാമില്‍ കയറി. തുടര്‍ന്ന് ലീലാഭായിയുടെ മകനും സോന്‍ടാക്കെയും തമ്മില്‍ തര്‍ക്കമായി ഇതിനിടെ ലീലാഭായിയുടെ മകന്‍ സോന്‍ടാക്കെയെ തല്ലി. ഇതിന് പിന്നാലെയാണ് പിറ്റേദിവസം പാടത്ത് ഒറ്റയ്‌ക്ക് നില്‍ക്കുകയായിരുന്ന സ്‌ത്രീയെ പ്രതി കൊലപ്പെടുത്തിയത്. തുടര്‍ന്ന് വൈക്കോല്‍ കൂനയില്‍ മൃതദേഹം കയറ്റിവച്ച ശേഷം തീകൊളുത്തുകയായിരുന്നു.
ലീലാഭായ് വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെയാണ് കുടംബം ഇവരെ അന്വേഷിച്ചിറങ്ങിയത്. പിന്നീട് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പാടത്ത് എത്തിയ ലീലാഭായിയുടെ മകളാണ് വൈക്കോല്‍ കൂനയ്‌ക്ക് സമീപം കത്തിയ നിലയില്‍ ഒരു തലയോട്ടി കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു.തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ തലയോട്ടി ലീലാഭായിയുടേതാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പഴയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജേഷ് സോന്‍ടാക്കെയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചോദ്യം ചെയ്യലില്‍ സോന്‍ടാക്കെ കുറ്റസമ്മതം നടത്തി. തന്നെ അടിച്ചതിനുള്ള പ്രതികാരം മൂലമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.