ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സംസ്ഥാനത്ത് രണ്ട് പുതിയ ജില്ലകൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. വെല്ലൂരിനെ തിരുപ്പത്തൂർ, റാണിപേട്ട്, വെല്ലൂർ ജില്ല എന്നിങ്ങനെ മൂന്നായി വിഭജിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ സെന്‍റ് ജോർജ് കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വെല്ലൂർ, റാണിപേട്ട്, തിരുപ്പത്തൂർ എന്നിവ യഥാക്രമം പുതിയ ജില്ലകളുടെ ആസ്ഥാനമായിരിക്കും. വെല്ലൂർ ജില്ലയിലെ കെ വി കുപ്പത്തിൽ പുതിയ താലൂക്ക് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ട് ജില്ലകൾ കൂടി സൃഷ്ടിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ മൊത്തം ജില്ലകളുടെ എണ്ണം 37 ആയി ഉയരും. 1989ലാണ് വെല്ലൂര്‍ ജില്ല രൂപീകരിച്ചത്. വിസ്തീർണ്ണം അനുസരിച്ച് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ജില്ലകളിൽ ഒന്നാണ് വെല്ലൂർ. 13 നിയമസഭാ മണ്ഡലങ്ങളും മൂന്ന് ലോക്സഭാ നിയോജകമണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് വെല്ലൂര്‍ ജില്ല.