ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് പൊലീസ് വെടിവച്ചു കൊന്ന ഗുണ്ടാനേതാവ് വികാസ് ദുബെക്കും കൂട്ടാളികള്‍ക്കുമെതിരെ എന്‍ഫേഴ്സമെന്‍റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ് രജസിറ്റര്‍ ചെയ്തത്. ദുബെയുടെ സംഘത്തിലുള്ളവരുടെ സ്വത്ത് കണ്ടുകെട്ടാനാണ് ഇ.ഡി ശ്രമിക്കുന്നത്. യു.പി പൊലീസില്‍ നിന്നും പണം ഇടപാട് സംബന്ധിച്ച അന്വേഷണം ഇ.ഡി ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു.
ജൂലൈയില്‍ ഇഡി യു.പി പൊലീസില്‍ നിന്നും കേസിന്‍റെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കാൺപൂർ ജില്ലയിലെ ബിക്രുവിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഏഴു ദിവസത്തിന് ശേഷം ജൂലൈ 10 നാണ് ദുബെയെ കൊലപ്പെടുത്തിയത്. ബിക്രു വെടിവയ്പിൽ പന്ത്രണ്ടില്‍ അധികം പേരെ യുപി എസ്ടിഎഫ് അറസ്റ്റ് ചെയ്തു. ദുബെ ഉൾപ്പെടെ ആറ് പേരെ വെവ്വേറെ ഏറ്റുമുട്ടലുകളിൽ വെടിവച്ചു കൊന്നു. ഏഴു പ്രതികൾ പ്രത്യേക കോടതിയിൽ കീഴടങ്ങിയിരുന്നു.