ഗാന്ധിനഗര്‍: ദീപാവലി പരിസ്ഥിതി സൗഹാര്‍ദമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ചാണകമുപയോഗിച്ച് ദീപങ്ങളും അലങ്കാരവസ്‌തുക്കളും നിര്‍മിച്ച് അനാഥാലയത്തിലെ കുട്ടികള്‍. കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വകുപ്പിന്‍റെ കീഴില്‍ രാഷ്‌ട്രീയ കാമധേനു ആയോഗ് സംഘടിപ്പിച്ച ദീപാവലി അഭിയാന്‍ പരിപാടിയിലാണ് കുട്ടികള്‍ ചാണകമുപയോഗിച്ച് ദീപങ്ങള്‍ നിര്‍മിച്ചത്. രാഷ്‌ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ ഡോ വല്ലഭായ് കത്തിരിയ പരിപാടി ദീപങ്ങള്‍ തെളിയിച്ച് ഉദ്‌ഘാടനം ചെയ്‌തു.
സ്വയം പര്യാപ്‌ത ഇന്ത്യ, സ്‌ത്രീ ശാക്തീകരണം എന്ന ആശയങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാറിന്‍റെ പദ്ധതിയെന്ന് വല്ലഭായ് കത്തിരിയ വ്യക്തമാക്കി. പ്രയാസ് എന്ന എന്‍ജിഒയുമായി ചേര്‍ന്നുള്ള ഈ സംരഭം യുവ മനസുകളില്‍ പോസിറ്റിവിറ്റി പ്രചരിപ്പിക്കുക എന്ന ആശയത്തെ ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു സംരഭത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആളുകളുടെ സജീവ പങ്കാളിത്തമുണ്ടെന്ന് വല്ലഭായ് കത്തിരിയ പറഞ്ഞു.
രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആരംഭിച്ചു. പകരം ചാണകമുപയോഗിച്ച് നിര്‍മിച്ച ദീപങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഇന്ത്യക്കാര്‍ ആത്‌മനിര്‍ഭര്‍ ഭാരത് എന്ന ആശയം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ കുട്ടികള്‍ ചാണകമുപയോഗിച്ച് നിര്‍മിച്ച ദീപങ്ങള്‍, ഗണേശ പ്രതിമകള്‍, വിളക്കുകള്‍ എന്നിവയുടെ പ്രദര്‍ശനവും നടത്തി.