ചെന്നൈ: കൊവിഡ് ബാധിച്ച് മരിച്ച 75കാരിയുടെ മൃതദേഹം ശ്‌മശാനത്തിലേക്ക് കൊണ്ടുപോയത് ഉന്തുവണ്ടിയിൽ. തേനി ജില്ലയിലെ കുഡലൂർ മുനിസിപ്പാലിറ്റിയിലാണ് സംഭവം. ആംബുലൻസ് വിളിച്ചിട്ട് വരാത്തതിനാൽ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് ഉന്തുവണ്ടിയിൽ ശ്‌മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വയറിളക്കത്തെ തുടർന്നാണ് ഇവരെ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ജൂൺ 27ന് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ ക്വാറന്‍റൈൻ തുടരാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. എന്നാൽ ജൂൺ 31ന് ഇവർ മരിച്ചു. മൃതദേഹം എത്രയും പെട്ടന്ന് മറവ് ചെയ്യണമെന്ന് അയൽക്കാർ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. ഇക്കാര്യം മുനിസിപ്പൽ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും മണിക്കൂറുകൾക്ക് ശേഷവും ആംബുലൻസ് എത്തിയില്ല. തുടർന്ന് നഗരത്തിലൂടെ ഉന്തുവണ്ടിയിൽ മൃതദേഹം ശ്‌മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.