ഭോപ്പാൽ: കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിൻ്റെ 'സ്റ്റാർ കാമ്പെയ്‌നർ' പദവി തെരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കി. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പെരുമാറ്റചട്ടം ലംഘിച്ചതിലാണ് നടപടി. സംസ്ഥാനത്തെ 28 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പെരുമാറ്റച്ചട്ടം ആവർത്തിച്ച് ലംഘിച്ചതിനും തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ മാർഗ നിർദേശങ്ങൾ അവഗണിച്ചതിനുമാണ് സ്റ്റാർ കാമ്പെയ്‌നർ പദവി റദ്ദാക്കിയത്. ഇനി മുതൽ കമൽനാഥിൻ്റെ പ്രചാരണങ്ങളിൽ യാത്ര, താമസം, സന്ദർശനം എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകളും സ്ഥാനാർഥി വഹിക്കും. ബി.ജെ.പി വനിതാ സ്ഥാനാർഥിയെ കമൽനാഥ് അവഹേളിച്ച പശ്ചാത്തലത്തിലാണ് നടപടി.
നേരത്തെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ ദേശീയ വനിതാ കമ്മിഷനും വോട്ടെടുപ്പ് നിരീക്ഷണ സംഘവും കോൺഗ്രസിന് നോട്ടീസ് നൽകിയിരുന്നു. മധ്യപ്രദേശിലെ 28 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ മൂന്നിനും വോട്ടെണ്ണൽ നവംബർ 10 നും നടക്കും.