ശ്രീനഗർ: ജമ്മു കശ്‌മീരിൽ ശക്തമായ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ല. ജമ്മു കശ്‌മീരിൽ മൂന്ന് ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം താജിക്കിസ്ഥാൻ ആണെന്ന് അധികൃതർ അറിയിച്ചു.
ജമ്മുവിലും ശ്രീനഗർ, കിഷ്‌ത്‌വാർ, ദോഡ എന്നീ ജില്ലകളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 3.9 തീവ്രതയിൽ കശ്‌മീരിൽ ഭൂചലനമുണ്ടായി. ഇതിന് മുമ്പ് കശ്‌മീരിൽ നടന്ന ഭൂചലനത്തിൽ നിരവധി നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. 2005 ഒക്‌ടോബർ എട്ടിന് കശ്‌മീരിൽ നടന്ന ഭൂചലനത്തിൽ വലിയ നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. റിക്‌ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 80,000 ത്തോളം പേർ മരിച്ചു.