ചണ്ഡീഗഡ്: കുറഞ്ഞ നിരക്കിൽ യുഎസ് ഡോളർ കൈമാറ്റം ചെയ്യാമെന്ന വ്യാജേന ആളുകളെ കബളിപ്പിച്ചതിന് മൂന്ന് പേർ അറസ്റ്റിലായി. സെപ്റ്റംബർ എട്ടിന് ഹരിയാനയിലെ ബഹദുർഗഡ് നിവാസിയായ വിജയ് ദാഹിയ നൽകിയ പരാതിയിൽ സാരായ് റോഹില്ല പൊലീസ് ആണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. പ്രതികളിൽ ഒരാൾ ദാഹിയക്ക് മൂന്ന് ലക്ഷം രൂപയ്ക്ക് പകരം 5000 യു.എസ് ഡോളർ കൈമാറി. ഇത് ഡോളറിന്‍റെ യഥാർത്ഥ വിനിമയ നിരക്കിനേക്കാൾ 67,000 രൂപ കുറവായിരുന്നു. എന്നാൽ ദാഹിയക്ക് കൈമാറിയ ബാഗിൽ ആദ്യ പാളിയിൽ യുഎസ് ഡോളറും ബാക്കി മുഴുവർ സോപ്പ് കവറുകളും ന്യൂസ്‌പേപ്പർ റോളുകളും ആയിരുന്നു. സെപ്റ്റംബർ 29നും സമാനമായ മറ്റൊരു പരാതി ലഭിച്ചിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആന്‍റോ അൽഫോണ്‍സ് പറഞ്ഞു.
സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു സ്‌ത്രീ ഉൾപ്പടെയുള്ള സംഘാംഗങ്ങളെ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് പ്രതികളിൽ ഒരാളുടെ മോട്ടോർ സൈക്കിളിന്‍റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തി പ്രതിയെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. രോഹിത് കുമാർ (19), അസീസുൽ ഖാൻ (26), രാജു ഷെയ്ക്ക് (20) എന്നിവരാണ് അറസ്റ്റിലായത്. ഐപിസി സെക്ഷൻ 420, 34 എന്നിവ പ്രകാരം ഇവർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു. ഇവരിൽ നിന്ന് 150 യു.എസ് ഡോളറും 10000 രൂപയും ഒരു ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്കും പൊലീസ് കണ്ടെത്തി. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.