കൊൽക്കത്ത: കൊൽക്കത്തയിലെ റെയിൽവെ സ്റ്റേഷനിൽ നിന്നും 2.7 കിലോ സ്വർണം പിടികൂടി. മ്യാൻമറിൽ നിന്നും കടത്താൻ ശ്രമിച്ച സ്വർണത്തിന് 1.13 കോടി വില വരും. ദക്ഷിനേശ്വർ റെയിൽവെ സ്റ്റേഷനിൽ നിന്നും വെള്ളിയാഴ്‌ചയാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) സ്വർണം പിടികൂടിയത്. കേസിൽ ലാൽറെംപുയ, ഹ്രാങ്‌ഡുഖിമ എന്നിവരെ അറസ്റ്റ് ചെയ്‌തു.
കാഞ്ചൻജംഗ എക്‌സ്‌പ്രസിൽ വന്നിറങ്ങിയ പ്രതികളെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 16 സ്വർണ ബിസ്‌കറ്റുകൾ കണ്ടെത്തി. സ്വർണ ബിസ്‌കറ്റുകൾ പൊതിഞ്ഞ് പ്രതികളുടെ അരയിൽ കെട്ടി ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിൽ മ്യാൻമറിൽ നിന്നാണ് സ്വർണം കടത്തിയതെന്നും ഇതിനുമുമ്പ് മൂന്ന തവണ ഇതേ രീതിയിൽ സ്വർണം കടത്തിയിട്ടുണ്ടെന്നും പ്രതികൾ പറഞ്ഞു. ഈ വർഷം പശ്ചിമബംഗാളിലും സിക്കിമിലുമായി 278 കിലോ സ്വർണമാണ് ഡിആർഐ പിടികൂടിയത്.