ന്യൂഡൽഹി: പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ച അണുനാശിനി ചേംബർ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) സ്ഥാപിച്ചു. കൊവിഡ് വൈറസിനെ നശിപ്പിക്കുന്നതിനും അണുബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിനുമാണ് ചേംബര്‍ സ്ഥാപിച്ചത്. ആശുപത്രികൾ, മാളുകൾ, ഓഫീസ് കെട്ടിടങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനകവാടത്തിലാണ് ഇവ സ്ഥാപിക്കുക. അകത്ത് കടക്കുന്നവരെ അണുവിമുക്തമാക്കുന്നതിന് ഈ സംവിധാനം ഉപയോഗിക്കുന്നത്.
ഒരു സമയം ഒരാൾക്കാണ് ഇതില്‍ പ്രവേശിക്കാനാവുക. വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന പമ്പ് ഹൈപ്പോ സോഡിയം ക്ലോറൈഡിന്‍റെ അണുനാശിനി കൊണ്ട് അകത്ത് നിൽക്കുന്ന ആളെ അണുവിമുക്തമാക്കും. 25 സെക്കന്‍റ് നേരമാണ് ഇത് പ്രവര്‍ത്തിക്കുക. ഈ സമയം അകത്ത് നിൽക്കുന്നയാൾ കണ്ണുകൾ അടച്ച് വേണം നിൽക്കാൻ. 700 ലിറ്റര്‍ ശേഷിയുള്ള ടാങ്കാണ് ഇതിൽ ഘടിപ്പിക്കുക. ഒരാൾക്ക് 25 സെക്കന്‍റ് വെച്ച് 650 പേരെ ഇതിലൂടെ അണുവിമുക്തമാക്കാനാകും. അകത്തുള്ള ആളെ വീക്ഷിക്കുന്നതിന് വശങ്ങളിലെ പ്രതലം ഗ്ലാസ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ രാത്രിയിൽ പ്രവര്‍ത്തിക്കാൻ ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്.