അമരാവതി: കെമിക്കല്‍ പ്ലാന്‍റിൽ വാതക ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിശാഖപട്ടണം പൊലീസ് കമ്മിഷണർ ആർ.കെ മീണ. വാതക ചോർച്ചയുണ്ടായതിന്‍റെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചത് മുൻകരുതല്‍ നടപടിയുടെ ഭാഗമായാണ്. ഈ പരിധിക്കപ്പുറത്തുള്ള ആളുകളെ ഒഴിപ്പിക്കേണ്ടതില്ലെന്നും ആളുകൾ റോഡിൽ ഇറങ്ങരുതെന്നും പൊലീസ് കമ്മിഷണർ പറഞ്ഞു. വാതക ചോർച്ച സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇത് വിശ്വസിക്കരുതെന്നും ആർ.കെ മീണ ജനങ്ങളോട് അഭ്യർഥിച്ചു.
വിശാഖപട്ടണത്തെ ആർ.ആർ വെങ്കടപുരം ഗ്രാമത്തിലെ എൽജി പോളിമേഴ്‌സിന്‍റെ ഗ്യാസ് പ്ലാന്‍റിൽ വ്യാഴാഴ്‌ച പുലര്‍ച്ചയോടെയാണ് സ്റ്റൈറീൻ വാതകം ചോർന്നത്. അപകടത്തില്‍ കുട്ടികളടക്കം 12 പേർ മരിച്ചു.