ഡല്‍ഹി: സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയായ വിജയ് മല്യയ്ക്ക് യു.കെയില്‍ അഭയം നല്‍കരുതെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യ. മല്യയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് യു.കെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വെര്‍ച്വല്‍ സംഭാഷണത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞു.
യു.കെയില്‍ അഭയം വേണമെന്ന് വിജയ് മല്യ ആവശ്യപ്പെട്ടാലും നല്‍കരുതെന്ന് യു.കെ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യക്ക് കൈമാറാനുള്ള ശ്രമം ഇല്ലാതാക്കാനാണ് യു.കെയില്‍ അഭയം തേടാനുള്ള ശ്രമങ്ങള്‍ വിജയ് മല്യ നടത്തുന്നതിന് പിന്നില്‍. ഇന്ത്യയിലേക്ക് അയക്കരുതെന്ന വിജയ് മല്യയുടെ അവസാന ഹര്‍ജിയും യു.കെ കോടതി തള്ളിയിരുന്നു.
11000 കോടിയിലധികം രൂപയുടെ ബാങ്ക് തട്ടിപ്പുകളാണ് മല്യ ഇന്ത്യയില്‍ നടത്തിയത്. മല്യയെ കൈമാറുന്നതിന് മുമ്പ് കൂടുതൽ നിയമപരമായ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന് ബ്രിട്ടൻ ഈ മാസം ആദ്യം പറഞ്ഞിരുന്നു. മനുഷ്യാവകാശങ്ങൾക്കായുള്ള യു.കെയുടെ ആർട്ടിക്കിൾ 3 പ്രകാരം മല്യ യുകെയിൽ അഭയം തേടിയതായി ദി ഗാർഡിയനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.