മുംബൈ: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുന്നതിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. 'ഭാരത് മാതാ കീ ജയ്' എന്ന് പറയാൻ തയ്യാറുള്ളവർക്ക് മാത്രമെ ഇന്ത്യയിൽ താമസിക്കാൻ കഴിയൂ എന്ന് ഉറപ്പാക്കണമെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ രാജ്യസ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചു.
ആർക്കും സ്വതന്ത്രമായി കറങ്ങി നടക്കാൻ കഴിയുന്ന ഒരു തുറന്ന വീടായി ഇന്ത്യയെ മാറ്റുകയാണോ ലക്ഷ്യം എന്നും ബിജെപി നേതാവ് കൂടിയായ ധർമേന്ദ്ര പ്രധാൻ ചോദിച്ചു. പൂനെയിലെ ആർഎസ്‌എസ് അനുബന്ധ വിദ്യാർഥി യൂണിയനായ അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്തിന്‍റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ ഈ വെല്ലുവിളി അംഗീകരിക്കേണ്ടതുണ്ടെന്നും 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം ഉയർത്തിപ്പിടിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.