ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പോര് മറന്ന് തലസ്ഥാനത്തെ സാമാധനം നിലനിര്‍ത്താന്‍ ഒന്നിക്കണമെന്ന് കോണ്‍ഗ്രസ്. ഇത് മഹാത്മാ ഗാന്ധിയുടെയും നെഹ്‌റുവിന്‍റെയും പട്ടേലിന്‍റെയും ഇന്ത്യയാണ്. ഇത്തരം അക്രമങ്ങള്‍ കണ്ടുനില്‍ക്കാന്‍ ഒരു ഇന്ത്യക്കാരനും കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സ്വന്തം പാര്‍ട്ടികള്‍ക്ക് വേണ്ടി തമ്മില്‍ തല്ലാതെ സമാധാനം നിലനിര്‍ത്തുന്നതിനായി ഒന്നിച്ച് മുന്നോട്ട് വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
ഡല്‍ഹിയിലെ ജനങ്ങള്‍ സംയമനം പാലിക്കണം. രാജ്യത്ത് മത സൗഹാര്‍ദം നിലനിര്‍ത്തണം. വര്‍ഗീയ ചേരിത്തിരിവുലൂടെ രാജ്യത്തെ ഭിന്നിപ്പിക്കുന്ന ഘടകങ്ങളെ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ സാഹോദര്യവും ഐക്യവും നിലനിര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഭവത്തെ അദ്ദേഹം അപലപിച്ചു.