ചെന്നൈ: ഡിഎംകെ നേതാവ് സ്റ്റാലിനെതിരെ രാഷ്‌ട്രീയ യുദ്ധം പ്രഖ്യാപിച്ച് അഴഗിരി. സ്റ്റാലിന് ഒരിക്കലും തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രിയാകാൻ കഴിയില്ലെന്ന് അഴഗിരി. സ്റ്റാലിന് ഒരിക്കലും മുഖ്യമന്ത്രിയാകാൻ കഴിയില്ല. താനും എന്‍റെ അനുഭാവികളും അത് ഉറപ്പാക്കുമെന്ന് അഴഗിരി മധുരയിൽ പറഞ്ഞു.
മധുരയില്‍ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അഴഗിരി. പുതിയ പാർട്ടി പ്രഖ്യാപിക്കാൻ ചേർന്ന യോഗത്തിൽ പക്ഷേ പാർട്ടി പ്രഖ്യാപനം നടത്തിയില്ല. കലെയ്ഞർ ഡിഎംകെ (കെഡിഎംകെ) എന്ന പാർട്ടി പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. പ്രഖ്യാപനം തൽക്കാലത്തേയ്ക്ക് മാറ്റി വയ്ക്കുന്നതായി അഴഗിരി പറഞ്ഞു.
"ഞാൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ കരുണാനിധി എന്നോട് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ ആവശ്യപ്പെട്ടിരുന്നു, ഞാൻ സമ്മതിക്കുകയും ചെയ്തു. ഡിഎംകെയുടെ മുതിർന്നവർ എന്നെ ഒറ്റിക്കൊടുത്തു. നിങ്ങളെ (സ്റ്റാലിൻ) ഭാവി മുഖ്യമന്ത്രി എന്ന് വിളിക്കുന്ന പോസ്റ്ററുകൾ എല്ലായ്‌പ്പോഴും ഉണ്ടെന്നും എന്നാൽ അത് നടക്കില്ലെന്നും അഴഗിരി പറഞ്ഞു. സമീപഭാവിയിൽ നിങ്ങളെ മുഖ്യമന്ത്രിയാകാൻ എന്‍റെ അനുയായികൾ ഒരിക്കലും അനുവദിക്കില്ലെന്ന് അഴഗിരി യോഗത്തിൽ പറഞ്ഞു. "ഞാൻ ഒരു പുതിയ പാർട്ടി ആരംഭിക്കാൻ പലരും നിർദ്ദേശിച്ചു. കുറച്ചുപേർ എന്‍റെ തീരുമാനം സ്വീകരിക്കുമെന്ന് പറയുന്നു. ഉടൻ ഞാൻ ഒരു പ്രഖ്യാപനം നടത്തും. നല്ലതോ അല്ലയോ, എല്ലാവരും അത് അംഗീകരിക്കണം", അഴഗിരി കൂട്ടിച്ചേർത്തു.