ലണ്ടൻ: ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനുള്ള യുകെ ഹൈക്കോടതിയുടെ ഉത്തരവിൽ നിരാശയുണ്ടെന്ന് വിജയ് മല്യ. കോടതി ഉത്തരവ് തനിക്ക് പ്രതികൂലമാണെങ്കിലും അഭിഭാഷകരുടെ നിർദേശപ്രകാരം നിയമപരമായ പോരാട്ടം തുടരുമെന്ന് മല്യ പറഞ്ഞു. ഇന്ത്യൻ ബാങ്കുകളിൽ വായ്‌പയെടുത്ത് പണം തിരിച്ചടക്കാതെ മുങ്ങിയ മല്യയെ കൈമാറാൻ ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് വിജയ് മല്യയും യുകെ കോടതിയിൽ അപേക്ഷ നൽകി. കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തിൽ കടമെടുത്ത മുഴുവൻ തുകയും തിരികെ അടക്കാമെന്ന് ഇന്ത്യൻ ബാങ്കുകളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മല്യ പറയുന്നു. ഇന്ത്യയിൽ വിചാരണ നേരിടണമെന്ന് പറഞ്ഞതിൽ നിരാശനാണെന്നും വിജയ് മല്യ വ്യക്തമാക്കി.
9000 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യൻ മദ്യ വ്യവസായി വിജയ് മല്യ നാടുകടത്തലിനെതിരെ നല്‍കിയ ഹർജി യുകെ കോടതി തള്ളിയിരുന്നു. തുടർന്ന് വിജയ് മല്യക്ക് 14 ദിവസത്തിനകം സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാം. അതിന് ശേഷമേ ഇംഗ്ലണ്ട് ആഭ്യന്തര കാര്യാലയത്തിന് നാടുകടത്തലിനുള്ള നടപടികൾ സ്വീകരിക്കാനാകൂ.
2009 ഏപ്രിൽ- നവംബർ മാസങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) തുടങ്ങി നിരവധി ബാങ്കുകളിൽ നിന്നും വായ്‌പാ തട്ടിപ്പ് നടത്തിയ വ്യവസായി വിജയ് മല്യ ഇംഗ്ലണ്ടിലേക്ക് മുങ്ങുകയായിരുന്നു. 2016 മാർച്ച് മാസത്തിൽ യുകെയിൽ താമസമാക്കിയ വിജയ് മല്യയെ 2017 ഏപ്രിലിൽ സ്‌കോട്ട്‌ലൻഡ് യാർഡ് അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും തുടർന്ന് ഇയാൾ ജാമ്യത്തിൽ പോകുകയും ചെയ്‌തു. എന്നാൽ, വിചാരണ നടപടികൾക്കായി മല്യയെ വിട്ടുനൽകണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെടുകയായിരുന്നു.