ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ വരുമ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി തന്നെ ആയിരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുമാരസ്വാമിയുടെ പരാമര്‍ശം. രാഷ്ടീയത്തില്‍ ഏറെ പരിചയസമ്പത്തുള്ള ദേവഗൗഡ മികച്ച ഭരണം കാഴ്ചവയ്ക്കുന്നതിന് രാഹുല്‍ ഗാന്ധിക്ക് സഹായമാകുമെന്നും കുമാരസ്വാമി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ബാലക്കോട്ട് നടന്ന ആക്രമണം രാഷ്ടീയവത്ക്കരിക്കുകയാണ്. നിരവധി തവണ ഇന്ത്യ-പാക് പ്രക്ഷോഭമുണ്ടായിട്ടുണ്ട്. എന്നാല്‍ രാജ്യം ഭരിച്ച ഒരു പ്രധാനമന്ത്രിയും അവ തങ്ങളുടെ രാഷ്ടീയ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഇതിന് വിരുദ്ധമാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തന്‍റെ പിതാവ് മികച്ച ഭരണാധികാരി ആയിരുന്നുവെന്നും ജമ്മു കശ്മീരില്‍ അദ്ദേഹത്തിന്‍റ ഭരണകാലത്ത് സാമാധാന അന്തരീക്ഷമായിരുന്നുവെന്നും കുമാരസ്വാമി പറഞ്ഞു. മാസങ്ങള്‍ മാത്രം നീണ്ട ദേവഗൗഡയുടെ ഭരണം നരേന്ദ്രമോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണത്തേക്കാള്‍ മികച്ചതായിരുന്നു. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങളോ ആക്രമണങ്ങളോ നടന്നിട്ടില്ല. രാജ്യത്ത് സമാധാനം നിലനിന്നിരുന്നെന്നും കുമാരസ്വാമി പറഞ്ഞു.