ഹൈദരാബാദ്: മക്കൾ കുറ്റക്കാണെങ്കില്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടണമെന്ന് വനിതാ മൃഗഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ അമ്മമാർ. നിരാശയും ദേഷ്യവും വിഷാദവും തങ്ങളെ വേട്ടയാടുകയാണെന്നും അവർ പറഞ്ഞു.
തന്‍റെ മകന്‍ വളരെ ചെറുപ്പമാണെന്നും അവൻ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവനെ തൂക്കിക്കൊല്ലട്ടെയെന്നുമായിരുന്നു പ്രതിയായ ജോല്ലു ശിവയുടെ അമ്മയുടെ പ്രതികരണം. തന്‍റെ മകന്‍ ഈ കുറ്റം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ ആകുന്നില്ല. കുറ്റം തെളിയിക്കപ്പെട്ടാല്‍ താന്‍ സ്വയം മകനെ ചുട്ടു കൊല്ലുമെന്നും ജോല്ലു ശിവയുടെ അമ്മ പറഞ്ഞു. തന്‍റെ മകൻ ഒരു കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ, അവനെ വെടിവച്ചുകൊന്നാൽ പോലും പ്രശ്നമില്ലെന്നും പക്ഷേ അയാൾ നിരപരാധിയാണെങ്കിൽ ദയവായി അവനെ നാട്ടിലേക്ക് മടക്കി അയക്കണമെന്നുമാണ് ചിന്തകുന്ത ചെന്നകേസവാലുവിന്‍റെ അമ്മ പറയുന്നത്. മകന്‍റെ ഗർഭിണിയായ ഭാര്യ ഭർത്താവിന്‍റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണെന്നും അവർ കൂട്ടിചേർത്തു. തന്‍റെ മകൻ സ്ത്രീകളെ ബഹുമാനിക്കുന്നവനാണെന്നായിരുന്നു ജൊല്ലു നവീന്‍റെ അമ്മയുടെ പ്രതികരണം. വീട്ടിലായിരിക്കുമ്പോൾ അവൻ നല്ലവനാണെന്നും സ്ത്രീകളെ ബഹുമാനിക്കുന്നവനാണെന്നും അവർ പറഞ്ഞു. വീട്ടിൽ മദ്യപിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും അവർ പ്രതികരിച്ചു. വീടിന് പുറത്ത് അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലെന്നാണ് മകനെ കുറിച്ചുള്ള ചോദ്യത്തോട് മുഹമ്മദ് ആരിഫിന്‍റെ അമ്മയുടെ പ്രതികരിച്ചത്. തന്‍റെ വണ്ടിയിടിച്ചു ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നാണ് മകൻ പറഞ്ഞതെന്നും അവർ പറഞ്ഞു.
തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ഷാദ്‌നഗർ പ്രാന്തപ്രദേശത്ത് വ്യാഴാഴ്ചയാണ് വനിതാ വെറ്ററിനറി ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതേദഹം കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് ഡോക്ടർ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.