ന്യൂഡൽഹി: ഫെബ്രുവരി എട്ടിന് നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന്‍റെ പേരിൽ പാർട്ടിയിൽ നിന്ന് രാജിവച്ചതായി ആം ആദ്‌മി പാർട്ടി എംഎല്‍എ ജഗ്‌ദീപ് സിംഗ്. ആം ആദ്‌മി പാര്‍ട്ടിയുടെ ഹരി നഗർ എംഎൽഎയാണ് ജഗ്‌ദീപ് സിംഗ്. ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദളിൽ ചേരുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുകയാണെന്ന് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
സീറ്റ് നിഷേധിച്ചതിൽ അതൃപ്തിയുണ്ടായതിനാലാണ് ആം ആദ്‌മി പാർട്ടിയിൽ നിന്ന് രാജിവച്ചത്. അടുത്തിടെ കോൺഗ്രസിൽ നിന്ന് പാർട്ടിയിൽ ചേർന്ന രാജ്‌കുമാരി ധില്ലോണിന് പാർട്ടി സീറ്റ് നൽകിയെന്നും സിംഗ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലും കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് താന്‍ എതിർപ്പ് ഉന്നയിച്ചിരുന്നുവെന്ന് ജഗ്‌ദീപ് സിംഗ് പറഞ്ഞു.