ഡല്‍ഹി: നോട്ട് നിരോധനമാണ് 40 വർഷത്തിനിടെ ആദ്യമായി രാജ്യം നേരിടുന്ന സാമ്പത്തിക ദുരന്തത്തിന് കാരണമായതെന്ന് രാഹുല്‍ ഗാന്ധി. വീഡിയോ സീരീസിലൂടെയാണ് കേന്ദ്രസർക്കാരിനെതിരെ രാഹുല്‍ രൂക്ഷമായ ആക്രമണം നടത്തിയത്. ഇന്ത്യയിലെ ദരിദ്രർ, കൃഷിക്കാർ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാര്‍ എന്നിവർക്കെതിരെയും ഇന്ത്യയുടെ അസംഘടിത സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരായുമുള്ള ആക്രമണമായിരുന്നു നോട്ട് നിരോധനമെന്ന് രാഹുല്‍ കൂട്ടിച്ചേർത്തു. വീഡിയോ സീരീസിന്‍റെ രണ്ടാം ഭാഗം രാഹുല്‍ തന്‍റെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും "നോട്ട്ബൻഡി കി ബാത്ത്" എന്ന പേരിൽ പുറത്തിറക്കി. മോദി ജിയുടെ ക്യാഷ്‌ലെസ് ഇന്ത്യ അടിസ്ഥാനപരമായി കർഷക- തൊഴിലാളി- ചെറുകിട വ്യവസായികളെ ഇല്ലാതാക്കുന്ന ഇന്ത്യയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
500 ന്‍റെയും 1000 ത്തിന്‍റെയും നോട്ടുകൾ ഉപയോഗശൂന്യമാക്കിയതായി നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യത്തെക്കുറിച്ച് കേന്ദ്രത്തെ ചോദ്യങ്ങള്‍ക്ക് നടുവില്‍ നിര്‍ത്തുന്നതിനിടെ രാഹുല്‍ഗാന്ധി പറഞ്ഞു. ഇന്ത്യ മുഴുവൻ ബാങ്കുകൾക്ക് മുന്നിൽ നില്‍ക്കേണ്ട അവസ്ഥ ഉണ്ടായി. നോട്ട് നിരോധനം നടപ്പാക്കിയത് വഴി കള്ളപ്പണം മായ്ച്ചുകളഞ്ഞോ എന്നും ഇന്ത്യയിലെ പാവപ്പെട്ട ജനവിഭാഗത്തിന് ധനസമ്പാദനത്തിന്‍റെ ഗുണം എന്താണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. രാജ്യത്തെ സാധാരണക്കാരുടെ പണത്തിലൂടെ മുതലാളിമാരുടെ കടങ്ങൾ എഴുതിത്തള്ളിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാർക്ക് നോട്ട് നിരോധനത്തിന്‍റെ ഗുണം കേന്ദ്രം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. നോട്ട് നിരോധനം എന്ന ആക്രമണത്തെ നാം തിരിച്ചറിയണമെന്നും രാജ്യം മുഴുവൻ ഇതിനെതിരെ ഒന്നിച്ച് പോരാടണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് രാഹുല്‍ഗാന്ധി വീഡിയോ അവസാനിപ്പിച്ചത്.