ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാരം വെള്ളിയാഴ്ച രാവിലെ വളരെ മോശം വിഭാഗത്തിൽ രേഖപ്പെടുത്തി. രാവിലെ 9: 30ന് ഡൽഹിയിൽ എക്യുഐ 380 രേഖപ്പെടുത്തി. വ്യാഴാഴ്ച ഇത് 395 ആയിരുന്നു. രൂക്ഷമായ മലിനീകരണം രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ ഷാഡിപൂർ (417), പട്പർഗഞ്ച് (406), ബവാന (447), മുണ്ട്ക (427) എന്നിവ ഉൾപ്പെടുന്നു. അതേസമയം, കാറ്റിന്‍റെ വേഗത ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ ശനിയാഴ്ച സ്ഥിതി മെച്ചപ്പെടാൻ സാധ്യയുണ്ടെന്നാണ് സൂചന.
ശൈത്യകാലത്തിലേക്ക് നീങ്ങുന്ന ഡൽഹിയിൽ വായുനിലവാരം മോശമായതോടെ ശ്വാസകോശ പ്രശ്‌നങ്ങളും രൂക്ഷമായി. 65 ശതമാനം കുടുംബങ്ങളിലും കുറഞ്ഞത് ഒരാൾക്കെങ്കിലും വായുമലിനീകരണവുമായി ബന്ധപ്പെട്ടുള്ള അസുഖമുണ്ടെന്നാണ് പഠനം. ജലദോഷം, കഫക്കെട്ട്, തൊണ്ടവേദന, ശ്വസന പ്രശ്‌നങ്ങൾ, കണ്ണെരിച്ചൽ തുടങ്ങിയവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.