ന്യൂഡല്‍ഹി: 40 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി കലാപം കെട്ടടങ്ങുമ്പോള്‍ രാജ്യതലസ്ഥാനത്തിന് നഷ്‌ടം മാത്രമാണ് ബാക്കിയാകുന്നത്. കലാപത്തിനിടെ ചാരമായി മാറിയ ജഫ്രദാബാദിലെ അരുണ്‍ സ്‌കൂളിലെ 1222 വിദ്യാര്‍ഥികളുടെ ഭാവി ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. ഇതിന് പുറമേ 90 ലക്ഷം രൂപയുടെ നഷ്‌ടമാണ് സ്‌കൂളിനുണ്ടായിരിക്കുന്നത്. ഫെബ്രുവരി 25ലെ ദുരന്തനിമിഷങ്ങള്‍ സ്‌കൂള്‍ ഉടമ അഭിഷേക് ശര്‍മ ഇടിവി ഭാരതുമായി പങ്കുവച്ചു.
മതില്‍ ചാടിക്കടന്ന് സ്‌കൂളിലേക്ക് കയറിയ അക്രമികള്‍ കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്തു. മൂന്ന് മണിക്കൂര്‍ നീണ്ട അക്രമം അവസാനിച്ചപ്പോള്‍ സ്‌കൂളിലെ ഒരു രേഖപോലും അവശേഷിക്കാതെ എല്ലാം കത്തിയമര്‍ന്നു. കുട്ടികളുടെ രേഖകള്‍, പുസ്‌തകങ്ങള്‍, സ്‌കൂള്‍ വാന്‍, പ്രിന്‍സിപ്പലിന്‍റെ ഓഫിസ്, ലൈബ്രറി, സ്‌മാര്‍ട്ട് ക്ലാസ് മുറികള്‍ എല്ലാം ചാരമായെന്ന് അഭിഷേക് ശര്‍മ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ തര്‍ക്കമാണ് വര്‍ഗീയ കലാപത്തിലേക്ക് വഴിമാറിയത്. ജാഫ്രദാബാദ്, മൗജ്‌പൂര്‍, ബാബര്‍പൂര്‍, യമുന വിഹാര്‍, ബഭന്‍പുര എന്നിവിടങ്ങളില്‍ അഴിഞ്ഞാടിയ അക്രമികള്‍ എല്ലാം തകര്‍ത്തു. നൂറ് കണക്കിന് വീടുകളും വാഹനങ്ങളും കത്തിനശിച്ചു. കേന്ദ്രസേനയെ അടക്കം രംഗത്തിറക്കിയാണ് ഒടുവില്‍ അക്രമം ശാന്തമാക്കിയത്.