ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അരങ്ങേറുന്ന സിഎഎ അനുബന്ധ കലാപം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ മരണ സംഖ്യ ഉയരുന്നു. സംഘർഷത്തിൽ ഒരു പൊലീസുകാരന്‍റേത് ഉൾപ്പെടെ മരണസംഖ്യ 27 ആയി. 189 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ജിടിബി ആശുപത്രി അധികൃതർ അറിയിച്ചു. സംഘർഷം വ്യാപകമാകുന്ന സാഹചര്യത്തിൽ സൈന്യത്തെ വിന്യസിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് അയക്കും. അതേസമയം ഷഹീൻ ബാഗ് വാദം കേൾക്കുന്നതിനിടെ ഡൽഹി സംഘർഷ വിഷയം സുപ്രീം കോടതി പരാമർശിച്ചു. ഹൈക്കോടതി വാദം കേൾക്കട്ടെയെന്ന് സുപ്രീം കോടതി. നിലവിലെ സാഹചര്യം നിർഭാഗ്യകരമെന്നും കോടതിയുടെ നിരീക്ഷണം.
അടിയന്തര ഹർജിയിൽ അർധരാത്രി വാദം കേട്ട ഡൽഹി ഹൈക്കോടതി പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുവരുത്താൻ പൊലീസിന് കർശന നിർദേശം നൽകി. അതേസമയം വടക്കുകിഴക്കൻ ഡൽഹിയിൽ നിന്നും ഘാസിയാബാദിലേക്കുള്ള ഗതാഗതം പൊലീസ് പൂർണമായും തടഞ്ഞു. സംഘർഷം വ്യാപകമായതോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൊവ്വാഴ്‌ച രാത്രി കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. തുടർന്ന് ഡല്‍ഹി കമ്മിഷണര്‍ ഓഫീസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. സംഘർഷാവസ്ഥ തുടരുന്നതിനാൽ ആഭ്യന്തര മന്ത്രി അമിത്‌ഷാ കേരള സന്ദർശനം റദ്ദാക്കി. വടക്കുകിഴക്കൻ ഡൽഹിയുടെ നാല് പൊലീസ് സ്റ്റേഷൻ പരിധികളിൽ കണ്ടാലുടൻ വെടിയുതിർക്കാനുള്ള ഉത്തരവ് ഡൽഹി പൊലീസ് പുറപ്പെടുവിച്ചു.
സംഘര്‍ഷം ശക്തമാകുന്നതിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ ഇന്നലെ രാത്രി ഉന്നത തലയോഗം വിളിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഗവര്‍ണര്‍ അനില്‍ ബൈജല്‍, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വടക്കുകിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ തുടരുകയാണ്. അതേസമയം അടച്ചിട്ട മെട്രോ സ്റ്റേഷനുകൾ തുറന്നു.