ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ഇന്ന് സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കും. വടക്കു കിഴക്കൻ ഡൽഹിയിൽ അക്രമം തുടരുന്ന സാഹചര്യത്തിലാണ് യോഗം. ഡൽഹിയിലെ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് അദ്ദേഹം യോഗത്തിൽ വിശദീകരണം നൽകും.
ഡൽഹി അക്രമം നിയന്ത്രണ വിധേയമാക്കാനുള്ള ചുമതല അജിത് ഡോവലിനാണുള്ളത്. ജാഫ്രാബാദ്, സീലാംപൂർ, മോജ്‌പൂർ, ഗോകുൽപുരി ചൗക് എന്നിവിടങ്ങളിലും ഡൽഹിയിലെ മറ്റ് പ്രദേശങ്ങളിലും അജിത് ഡോവൽ സന്ദർശനം നടത്തുകയും അവിടുത്തെ വിവിധ സമുദായങ്ങളുടെ നേതാക്കന്മാരുമായി ചർച്ച നടത്തുകയും ചെയ്‌തു.
ഡൽഹിയിൽ അധാർമികത തുടരാൻ അനുവദിക്കില്ലെന്നും ആവശ്യത്തിന് പൊലീസ് സേനയെയും സൈനിക സേനയെയും വിന്യസിപ്പിച്ചിട്ടുണ്ടെന്നും അജിത് ഡോവൽ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസിന് അധികാരം നൽകിയിട്ടുണ്ട്. സംഘർഷത്തിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ 18 പേർ മരിക്കുകയും 150 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ജാഫ്രാബാദിൽ നിന്നും പ്രതിഷേധക്കാർ പിന്മാറി.