ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസ് നടത്തി വന്ന സമരം അവസാനിപ്പിച്ചു. തീസ് ഹസാരി കോടതിയില്‍ പൊലീസുകാരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ സതീഷ് ഗുല്‍ച്ച സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പരിക്കേറ്റ പൊലീസുകാര്‍ക്ക് നഷ്ടപരിഹാരമായി 25000 രൂപ നല്‍കും.
വനിതകള്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് തെരുവിലിറങ്ങിയത്. യൂണിഫോമിനൊപ്പം കറുത്ത റിബണുകള്‍ അണിഞ്ഞ് പൊലീസുകാര്‍ റോഡുകള്‍ ഉപരോധിച്ചു. ഇന്ത്യ ഗേറ്റിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് പൊലീസുകാരുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നു.
ഇതുമൂലം ഡല്‍ഹിയില്‍ വാഹന ഗതാഹതം സ്തംഭിച്ചിരുന്നു. സമരക്കാര്‍ മടങ്ങിത്തുടങ്ങിയതോടെ വാഹന ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. പൊലീസുകാര്‍ക്ക് പിന്തുണ നല്‍കി കേരളം, തമിഴ്‌നാട്, ഹരിയാന,ബീഹാര്‍ സംസ്ഥാനങ്ങളിലെ പൊലീസ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
പൊലീസ്-അഭിഭാഷക സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നതോടെ ആഭ്യന്തര മന്ത്രാലയം വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി. പ്രതികളായ അഭിഭാഷകര്‍ക്കെതിരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവിലും കേന്ദ്രം വ്യക്തത തേടി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഹര്‍ജിയില്‍ കോടതി ഡല്‍ഹി സര്‍ക്കാരിനും ബാര്‍ അസോസിയേഷനും നോട്ടീസയച്ചു. കേസില്‍ നാളെ കോടതി വാദം കേള്‍ക്കും. പരിക്കേറ്റ പൊലീസുകാര്‍ക്കും അഭിഭാഷകര്‍ക്കും മികച്ച ചികിത്സ നല്‍കുമെന്നും നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും ഡല്‍ഹി ലഫ്‌റ്റണന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ പറഞ്ഞു.