ന്യൂഡൽഹി: ആംആദ്‌മി സ്ത്രീകളെ ബഹുമാനിക്കാത്ത പാര്‍ട്ടിയാണെന്ന് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. ആംആദ്‌മിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് ഫെബ്രുവരി എട്ടാം തിയതി നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്‌മൃതി ഇറാനി വോട്ട് ചോദിക്കുന്നത്.
ആം ആദ്‌മി വോളണ്ടിയര്‍ സോണി മിശ്രയുടെ ആത്മഹത്യാ കേസും നിര്‍ഭയ കേസും ആപ്പിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കിയാണ് സ്‌മൃതി ഇറാനി സംസാരിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്‌മൃതി ഇറാനി ഉന്നയിച്ചത്.
സദർ ബസാർ നിയോജക മണ്ഡലത്തിലെ ശാസ്ത്ര നഗറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് സ്‌മൃതി ഇറാനി സംസാരിച്ചത്. പീഡനത്തെത്തുടര്‍ന്ന് സോണി മിശ്ര പരാതിപ്പെട്ടപ്പോള്‍ കെജ്‌രിവാള്‍ സഹായം നല്‍കിയിരുന്നില്ലെന്നും അവര്‍ ആരോപിച്ചു. തുടര്‍ന്നാണ് സോണി ആത്മഹത്യ ചെയ്‌തതെന്നും സ്‌മൃതി ഇറാനി പറഞ്ഞു.
നിർഭയ കൂട്ടബലാത്സംഗ കേസിസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി ജയില്‍ മോചിതനായി പുറത്തെത്തിയപ്പോള്‍ ആം ആദ്‌മി സര്‍ക്കാര്‍ ഒരു തയ്യല്‍ മെഷീനും 10,000 രൂപയും ഇവര്‍ക്ക് നല്‍കി. ആം ആദ്മി പാർട്ടി നിങ്ങളുടെ കുടുംബങ്ങളിലെ സ്ത്രീകളെ ബഹുമാനിക്കുകയും അവർക്ക് സുരക്ഷ നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാമോ എന്ന് ഞാൻ നിങ്ങളോട് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് സ്‌മൃതി ഇറാനി ചോദിച്ചത്.
സ്ത്രീകൾക്ക് ബഹുമാനത്തിനുള്ള അവകാശം ഉണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഫെബ്രുവരി എട്ടിന് പോളിംഗ് ബൂത്തുകളിൽ പോയി ആം ആദ്മി പാർട്ടിക്ക് ഉചിതമായ മറുപടി നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. സ്ത്രീകളുടെ ബഹുമാനത്തിന് ബിജെപിയെ വിജയിപ്പിക്കുകയാണ് വേണ്ടതെന്നും അവര്‍ പ്രസംഗത്തില്‍ പറഞ്ഞു.
ഷഹീൻ ബാഗ് പ്രക്ഷോഭകര്‍ക്കും ആം ആദ്മി പാർട്ടിയുടെ പിന്തുണയുണ്ട്. ഇവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ അടുത്തിടെ പറഞ്ഞത് നിങ്ങള്‍ മറക്കരുത്. കെജ്‌രിവാൾജി, ഇത് നിങ്ങളുടെ രാഷ്ട്രീയമാണോ? സരിത വിഹാറിലെയും സമീപ പ്രദേശങ്ങളായ ഷഹീൻ ബാഗിലെയും നിവാസികൾ സിഎഎ വിരുദ്ധ പ്രതിഷേധം മൂലം നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ, ഓഫീസില്‍ പോകുന്നവർ തുടങ്ങി നിരവധി പേരാണ് രണ്ട് മണിക്കൂറിലധികം ഗതാഗതക്കുരുക്കില്‍ പെടുന്നത്.
2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്നും ഇക്കാര്യത്തില്‍ സമ്പൂര്‍ണ പരാജയമാണുണ്ടായതെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്‌മൃതി ഇറാനി ആപ്പിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍.
70 അംഗ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും . ഫെബ്രുവരി 11 ആണ് ഫലം പ്രഖ്യാപിക്കുക.