ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ് പോൾ ഫലങ്ങളില്‍ ആം ആദ്‌മി പാര്‍ട്ടിക്ക് മുൻതൂക്കം. ദേശീയ തലസ്ഥാനത്ത് ആം ആദ്‌മി പാര്‍ട്ടി മികച്ച ഭൂരിപക്ഷത്തോടെ ഭരണം തുടരുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം പറയുന്നത്.
വൈകിട്ട് ആറ് മണിവരെ 54.65%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 67 ശതമാനമായിരുന്നു 2015ല്‍ രേഖപ്പെടുത്തിയ പോളിങ് ശതമാനം.
ടൈംസ് നൌ എക്‌സിറ്റ് പോൾ
ആം ആദ്‌മി പാര്‍ട്ടി 44 സീറ്റുകൾ നേടുമെന്നാണ് ടൈംസ് നൌവിന്‍റെ പ്രവചനം. 26 സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നും കോൺഗ്രസ് സീറ്റൊന്നും നേടില്ലെന്നുമാണ് അവരുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ.
എ.ബി.പി-സീ വോട്ടർ എക്സിറ്റ് പോൾ
ആം ആദ്മി പാർട്ടി 49-63 സീറ്റുകൾ നേടി ഭരണം തുടരുമെന്നാണ് എ.ബി.പി- സീ വോട്ടർ എക്സിറ്റ് പോൾ പറയുന്നത്. ബിജെപി 5-19, കോൺഗ്രസിന് പരമാവധി നാല് എന്നിങ്ങനെയാണ് അവരുടെ പ്രവചനങ്ങൾ.
റിപ്പബ്ലിക് ടി.വി - ജൻ കി ബാത്ത് എക്‌സിറ്റ് പോൾ
48- 61 വരെ സീറ്റുകൾ ആം ആദ്മി പാർട്ടി നേടുമെന്നാണ് റിപ്പബ്ലിക് ടി.വി - ജൻ കി ബാത്തിന്‍റെ എക്സിറ്റ് പോൾ ഫലം. ബിജെപി 9 മുതൽ 21 വരെ സീറ്റുകളും കോൺഗ്രസ് ഒരു സീറ്റും നേടുമെന്നും റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോൾ പറയുന്നു.
ന്യൂസ് എക്‌സ് - പോൾ സ്റ്റാർ എക്‌സിറ്റ് പോൾ
ന്യൂസ് എക്‌സ്- പോൾ സ്റ്റാറും ചേർന്ന് നടത്തിയ എക്‌സിറ്റ് പോളിൽ ആം ആദ്മി പാർട്ടി 53 മുതൽ 57 വരെ സീറ്റുകൾ നേടുമെന്ന് പറയുന്നു. 11-17 സീറ്റുകൾ ബിജെപി നേടുമെന്ന് പ്രവചിക്കുമ്പോൾ കോൺഗ്രസിന് 0-2 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്.