ന്യൂഡൽഹി: കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. കർഷകരും പൊലീസും തമ്മിൽ സിംഗു അതിർത്തിയിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊതുമുതൽ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. ഐപിസി സെക്ഷൻ 186, 353, 332, 323, 147, 148, 149, 279, 337, 188, 269 എന്നീ വകുപ്പുകൾ പ്രകാരം അലിപൂർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്‌ച ഉച്ചക്ക് 12മണിയോടെ പ്രതിഷേധക്കാർ അക്രമാസക്തരായി ഡൽഹിയിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ചപ്പോൾ തടയുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച് കൂട്ടം ചേർന്നുവന്ന കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. പ്രക്ഷോഭക്കാരെ നിയന്ത്രിക്കുന്നതിനിടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. രണ്ട് സർക്കാർ വാഹനങ്ങൾക്കും ഒരു സ്വകാര്യ ബസിനും കേടുപാട് സംഭവിച്ചു. തുടർന്ന്, പൊതു സ്വത്ത് നശിപ്പിച്ചതിന് കർഷകർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.