ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപം നിയന്ത്രിക്കാന്‍ 36 മണിക്കൂറിനുള്ളില്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ 230 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കലാപം പടരാന്‍ സാധ്യതയുണ്ടായിരുന്നെങ്കിലും 12 പൊലീസ് സ്റ്റേഷനുകളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ പൊലീസിന് സാധിച്ചുവെന്നും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു. പാര്‍ട്ടിയുടെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും ഡല്‍ഹിയെ കലാപത്തിലേക്ക് നയിക്കുന്ന അന്തരീക്ഷം സൃഷ്‌ടിച്ചുവെന്നാരോപിച്ച് അമിത് ഷാ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി.
കലാപത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിന് വേണ്ടി പണവും സമൂഹമാധ്യമങ്ങളും ഉപയോഗിച്ചു. കലാപം നടത്തുന്നതിന് ഹവാല ഓപ്പറേറ്റര്‍മാരില്‍ നിന്നും പണം വാങ്ങിയ മൂന്ന് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഗൂഢാലോചന നടത്തിയവരെ ഉടന്‍ തന്നെ പൊലീസ് കണ്ടെത്തും. ഡിസംബര്‍ 14ന് രാം ലീല മൈതാനത്ത് സംഘടിപ്പിച്ച റാലിയില്‍ ഒരു പാര്‍ട്ടി നേതാവ് പ്രക്ഷോഭം നടത്താന്‍ ജനങ്ങളോട് ആഹ്വാനം നടത്തിയതായും രണ്ട് ദിവസത്തിന് ശേഷം ഷഹീന്‍ ബാഗില്‍ പ്രതിഷേധം ആരംഭിച്ചതായും അദ്ദേഹം ആരോപിച്ചു.
കലാപത്തിനിടെ ഡല്‍ഹിയിലെ ചന്ദ്‌ബാഗില്‍ കൊല്ലപ്പെട്ട ഇന്‍റലിജന്‍സ് ബ്യൂറോ ജീവനക്കാരന്‍ അങ്കിത് ശര്‍മയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. കൊലപാതകിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യും. കലാപത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടുവെന്നും 526 പേര്‍ക്ക് പരിക്കേറ്റുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കലാപത്തിനിരയായവരുടെ വിവരങ്ങൾ മതത്തിന്‍റെ അടിസ്ഥാനത്തില്‍ പുറത്തുവിടണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം അമിത് ഷാ നിരസിച്ചു.