തിരുവനന്തപുരം: ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് അനുവദിച്ച സൗജന്യ യാത്ര ഒഴിവാക്കണമെന്ന ആവശ്യവുമായി ഡെല്‍ഹി മെട്രോ മുന്‍ മേധാവിയും ഇപ്പോഴത്തെ മുഖ്യ ഉപദേഷ്ടാവുമായ ഇ ശ്രീധരന്‍. ഇക്കാര്യം ഉന്നയിച്ച് ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.
ഡല്‍ഹി സര്‍ക്കാരിന്‍റെ പുതിയ തീരുമാനം മെട്രോയെ കടക്കെണിയിലേക്ക് വീഴ്ത്തുമെന്നാണ് ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ പങ്കാളിത്തമുള്ള പ്രൊജക്ടില്‍ ഏകപക്ഷീയമായ തീരുമാനമാണ് ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും ഒരു വിഭാഗം ആളുകള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തിയത് മെട്രോയുടെ ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
ഡല്‍ഹി മെട്രോയിലും ബസിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോള്‍ വരുന്ന ബാധ്യത സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നേരത്തെ പ്രഖ്യാപിച്ചത്. വര്‍ഷം 1,200 കോടി രൂപയായിരുന്നു ഇതിനായി ചിവല് പ്രതീക്ഷിച്ചിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ആംആദ്മി ഇത്തരത്തില്‍ കരുക്കള്‍ നീക്കുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു.