ന്യൂഡല്‍ഹി: ലോക്ക്‌ഡൗണ്‍ ലംഘിച്ചതിന് ഡല്‍ഹിയില്‍ ബിജെപി നേതാക്കളെ പൊലീസ് തടഞ്ഞുവച്ചു. ബിജെപിയുടെ ഡല്‍ഹി ഘടകം പ്രസിഡന്‍റ് മനോജ് തിവാരി, ബിജെപി ജനറല്‍ സെക്രട്ടറി കുല്‍ജീത്ത് സിംഗ് ചഹല്‍, ബിജെപി വക്താവ് അശോക് ഗോയല്‍ എന്നിവരെയാണ് പൊലീസ് തടഞ്ഞത്. രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എഎപി സര്‍ക്കാര്‍ മൗനം തുടരുകയാണെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സാമൂഹിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് ബിജെപി നേതാക്കാളെ പൊലീസ് ഡല്‍ഹിയിലെ രാജ് ഘട്ടിന് മുന്നില്‍ വച്ച് തടയുകയായിരുന്നു.
ഡല്‍ഹിയില്‍ ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. എന്നാല്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ ഇപ്പോഴും ഉറക്കത്തിലാണെന്ന് കുല്‍ജീത്ത് സിംഗ് ചഹല്‍ ആരോപിച്ചു. ഞായറാഴ്‌ച മാത്രം ഡല്‍ഹിയില്‍ 1,295 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഡല്‍ഹിയില്‍ ആയിരത്തിലധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്ത ഒരാഴ്‌ചത്തേക്ക് ഡല്‍ഹി അതിര്‍ത്തിയടക്കാനും അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി നല്‍കാനും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശിച്ചു.