ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എ. പി സിങിനെതിരെയുള്ള പരാതി ഡൽഹി ഹൈക്കോടതി ബുധനാഴ്‌ച ഡൽഹി ബാർ കൗൺസിലിന് കൈമാറി. സിങിനെതിരെ ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റാണ് പരാതി നൽകിയത്. കേസ് ജനുവരി 17 ന് പരിഗണിക്കുമെന്ന് ബാർ കൗൺസിൽ അധ്യക്ഷൻ അഡ്വ. കെ.സി മിത്തൽ അറിയിച്ചു. കോടതിയിൽ ഹാജരാകാതിരുന്നതിന് നേരത്തെ തന്നെ ജസ്റ്റിസ് കെയ്‌റ്റ് സിങിന് 25,000 രൂപ പിഴ ചുമത്തിയിരുന്നു.
നിർഭയ കേസിൽ വിനയ്, അക്ഷയ്, പവൻ ഗുപ്‌ത എന്നിവർക്ക് വേണ്ടിയാണ് സിങ് ഹാജരായത്. കുറ്റം ചെയ്യുന്ന സമയത്ത് താൻ പ്രായപൂർത്തിയായിരുന്നില്ലെന്നും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പരിഗണിക്കണമെന്നും പ്രതികളിലൊരാൾ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഈ ഹർജി തള്ളിക്കൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. നിർഭയ കേസിലെ നാല് കുറ്റവാളികൾക്കും കോടതി ഇന്നലെ വധശിക്ഷ വിധിച്ചിരുന്നു. പ്രതികളെ ഈ മാസം 22 ന് തൂക്കിലേറ്റും.