ന്യൂഡൽഹി: നിര്‍ഭയ കേസില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതി വിധി പറയും. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്‌ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രം ഹര്‍ജി നല്‍കിയത്. ഞായറാഴ്‌ച കേന്ദ്ര സര്‍ക്കാർ നൽകിയ ഹര്‍ജിയിൽ വാദം കേട്ട ശേഷം കേസ് ഉത്തരവ് പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കേസിൽ വധശിക്ഷ നടപ്പാക്കാൻ എന്തിനാണ് ഇത്രക്ക് തിടുക്കമെന്നാണ് പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എ പി സിംഗ് ഞായറാഴ്ച കോടതിയിൽ ചോദിച്ചു. പ്രതികൾ വധശിക്ഷയ്ക്ക് കാലതാമസം വരുത്തുകയാണെന്നാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചത്.
നാല് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാനാണ് സുപ്രീം കോടതി വിധിച്ചത്. പ്രതികളായ മുകേഷ് കുമാര്‍ സിംഗ്, പവന്‍ ഗുപ്‌ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.