ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ട വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്. ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേന്ദ്രത്തിന്‍റെ പ്രതികരണം തേടിയിരിക്കുന്നത്. ഐടി ആക്‌ട് 2000 പ്രകാരം ഓണ്‍ലൈന്‍ ചൂതാട്ട വെബ്‌സൈറ്റുകള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അവിനാഷ് മെഹ്റൂത്തയാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചൂതാട്ടം കളിക്കുന്നവര്‍ക്കും വെബ്‌സൈറ്റ് നടത്തുന്നവര്‍ക്കും നികുതി ഈടാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. രാജ്യത്തിന്‍റെ നിയമങ്ങളനുസരിച്ച് ചൂതാട്ടം നിയമവിരുദ്ധമാണെന്നും മിക്ക സംസ്ഥാനങ്ങളിലും ഇത് തടഞ്ഞിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
ഡല്‍ഹിയില്‍ പബ്ലിക് ഗാംബ്ലിങ് ആക്‌ടിലൂടെ തലസ്ഥാനത്ത് ചൂതാട്ടം തടഞ്ഞിട്ടുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു. ഇത്തരം പ്രവൃത്തികള്‍ നിയമം നടപ്പാക്കാത്തതിനാല്‍ തുടരുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. രാജ്യത്ത് ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവെപ്പും വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചതെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി.